എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍. ജീവനക്കാര്‍ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് താലിബാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
‘എല്ലാവര്‍ക്കുമായി തങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ തിരികെ വരണം’, താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് സാധാരണ പോലെ ജോലിക്ക് ഹാജരാകാനാണ് നിര്‍ദേശം. അഫ്ഗാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ല എന്ന് വ്യക്തമാക്കികൊണ്ടാണ് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരോട് സാധാരണ പോലെ ഓഫീസിലെത്തണമെന്ന് താലിബാന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഖത്തറിന്റെ മധ്യസ്ഥതയില്‍ അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും തുടങ്ങി. ദോഹയിലെ താലിബാന്‍ കാര്യാലയത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. എന്നാല്‍ സര്‍ക്കാരിന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്നതില്‍ തീരുമാനമായിട്ടില്ല. അഫ്ഗാനിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി താലിബാന്‍ ചര്‍ച്ച നടത്തുന്നുണ്ട്.
അഫ്ഗാനിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍, ഗോത്ര തലവന്മാര്‍ എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ രൂപീകരിക്കണമെന്നതാണ് ഖത്തര്‍ നിലപാട്. ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള അനുരഞ്ജന സമിതിയുമായി ഇന്ന് തുടര്‍ ചര്‍ച്ചകള്‍ നടന്നേക്കും. വനിതകള്‍ക്കുള്‍പ്പെടെ പ്രതിനിധ്യം നല്‍കണമെന്ന് യു.എന്‍ രക്ഷസമിതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ താലിബാന്റെ പ്രതികരണം വന്നിട്ടില്ല.
അതേസമയം, അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റം ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ രംഗത്തെത്തി. സേനാ പിന്‍മാറ്റത്തില്‍ കുറ്റബോധമില്ലെന്നും അഫ്ഗാന്റെ പുനര്‍ നിര്‍മ്മാണം ലക്ഷ്യമല്ലായിരുന്നില്ലെന്നുമാണ് ബൈഡന്‍ വ്യക്തമാക്കിയത്.
Leave a Reply