താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെത്തിയതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. വലിയ ചെറുത്തു നില്‍പ്പും പോരാട്ടങ്ങളുമില്ലാതെ താലിബാന്‍ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതായാണ് റിപോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കാബുളില്‍ പലയിടത്തും വെടിയൊച്ചകള്‍ കേട്ടിരുന്നതായി പ്രസിഡന്റിന്റെ പാലസ് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ പ്രതികരണം പുറത്തു വന്നിട്ടില്ല. താലിബാന്‍ കമാന്‍ഡര്‍ക്കു വേണ്ടി അദ്ദേഹം വൈകാതെ പദവി ഒഴിയുമെന്നാണ് റിപോര്‍ട്ട്. കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തെങ്കിലും കൂടുതല്‍ രക്തച്ചൊരിച്ചിലിന് അവസരമുണ്ടാക്കേണ്ട എന്നാണ് തീരുമാനമെന്ന് താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടില്ല.
കാബൂളിന്റെ നാലു ഭാഗത്തു നിന്നും താലിബാന്‍ ഭീകരര്‍ ഇരച്ചെത്തുകയായിരുന്നുവെന്ന് സര്‍ക്കാരിലെ ഉന്നതര്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ കാബൂളിലെ തങ്ങളുടെ എംബസിയില്‍ നിന്ന് എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരേയും യുഎസ് ഒഴിപ്പിച്ചു. വസിര്‍ അക്ബര്‍ ഖാനിലെ അതീവസുരക്ഷാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന എംബസിയില്‍ നിന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് യുഎസ് തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തിയത്. ഇവരെ വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്നും യുഎസിലേക്ക് തിരിച്ചു കൊണ്ടുപോകും. ഇപ്പോള്‍ യുഎസിന്റെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കാബൂല്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യുറോപ്യന്‍ സേനാംഗങ്ങളേയും കാബുളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് നാറ്റോ സേനയും അറിയിച്ചു.
ഞായറാഴ്ച രാവിലെ ജലാലാബാദ് ഏറ്റുമുട്ടലില്ലാതെയാണ് താലിബാന്‍ കീഴടക്കിയത്. ഇതോടെ സുപ്രധാന ഹൈവേകളുടെ നിന്ത്രണം താലിബാന്റെ കൈവശമായി. സമീപത്തെ പാക് അതിര്‍ത്തി പോസ്റ്റായ തോര്‍ഖാം പോസ്റ്റും താലിബാന്‍ പിടിച്ചെടുത്തു. ഇതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തേക്കുള്ള ഏക മാര്‍ഗം കാബൂള്‍ വിമാനത്താവളം മാത്രമായി. കഴിഞ്ഞ ദിവസം മസാറെ ശരീഫ് കീഴടക്കിയാണ് താലിബാന്‍ ജലാലാബാദിലെത്തിയത്. പിന്നീട് പ്രതീക്ഷിച്ചതിലും വേഗത്തില്‍ താലിബാന്‍ കാബൂളും പിടിച്ചടക്കുകയായിരുന്നു.
ജലാലാബാദ് ഗവര്‍ണര്‍ താലിബാനു കീഴടങ്ങിയതോടെ ഇവിടെ ഏറ്റുമുട്ടല്‍ ഉണ്ടായില്ല. ഏറ്റുമുട്ടല്‍ നിരവധി സാധാരണക്കാരുടെ മരണത്തിലേക്കു നയിക്കുമെന്നതിനാല്‍ താലിബാനെ തടയാതിരിക്കുകയായിരുന്നു ഏക പോംവഴിയെന്ന് ഒരു അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Leave a Reply