സ്‌കൂള്‍ യൂണിഫോമില്‍ ആര്‍ത്തവരക്തം പറ്റിയതിനെ തുടര്‍ന്ന് അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സെന്തിള്‍ നഗര്‍ സ്വദേശിയായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. മകള്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം തങ്ങള്‍ക്ക് അറിയില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തുനിന്നും ലഭിച്ച കത്തിലാണ് മരണകാരണം വ്യക്തമായത്.

ആര്‍ത്തവത്തെ തുടര്‍ന്ന് ബെഞ്ചിലും യൂണിഫോമിലും രക്തം പറ്റിയതായി സഹപാഠികളാണ് വിദ്യാര്‍ത്ഥിനിയോട് പറഞ്ഞത്. തുടര്‍ന്ന് താന്‍ വീട്ടില്‍ പൊയ്ക്കോട്ടെ എന്ന് അധ്യാപികയോട് ചോദിച്ചപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അധ്യാപിക അധിക്ഷേപിച്ച് സംസാരിക്കുകയും സാനിറ്ററി പാഡ് ശരീയായ രീതിയിലല്ലേ വെച്ചതെന്ന് ചോദിച്ച് ആക്ഷേപിക്കുകയും ചെയ്തതായാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.

കൂടാതെ അധ്യാപിക പറഞ്ഞത് അനുസരിച്ച് പ്രിന്‍സിപ്പാളിനെ കാണാന്‍ ചെന്നപ്പോള്‍ പ്രിന്‍സിപ്പാളും തന്നോട് രൂക്ഷമായി സംസാരിച്ചെന്നും കുറിപ്പിലുണ്ട്. സഹപാഠികള്‍ക്ക് ആര്‍ക്കും പരാതി ഇല്ലാത്തപ്പോള്‍ അധ്യാപികയും പ്രിന്‍സിപ്പാളും എന്തിനാണ് തന്നെ ചീത്ത പറഞ്ഞത്, താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും കത്തിലൂടെ വിദ്യാര്‍ത്ഥിനി ചോദിക്കുന്നുണ്ട്. സ്‌കൂളിന് മുമ്പില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.