പന്തളം: ശബരിമല വിഷയത്തില്‍ ചര്‍ച്ചക്കില്ലെന്ന് താഴമണ്‍ തന്ത്രി കുടുംബം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായതിനു ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് താഴമണ്‍ തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്. എന്‍എസ്എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബം തീരുമാനം അറിയിച്ചിരിക്കുന്നത്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിര് നില്‍ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂവെന്ന് കണ്ഠരര് മോഹനര് പറഞ്ഞു.
തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്നും തന്ത്രി പറഞ്ഞു. തിങ്കളാഴ്ച ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ക്ഷണിച്ചിരുന്നു.
സ്ത്രീപ്രവേശനത്തില്‍ വിധി വന്ന ഘട്ടത്തില്‍ തന്നെ താഴമണ്‍ കുടുംബം പന്തളം രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടതിവിധി നടപ്പാക്കുന്നത് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് താഴമണ്‍ കുടുംബവുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്.
ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തന്ത്രി കുടുംബത്തെ ചര്‍ച്ചക്കായി ക്ഷണിച്ചിരുന്നു. ഭരണഘടനാ ബെഞ്ച് വിധി നിയമമായതിനാല്‍ അത് നടപ്പാക്കേണ്ട ബാധ്യത ബോധ്യപ്പെടുത്തുന്നതിനായാണ് തന്ത്രി കുടുംബത്തെ ചര്‍ച്ചക്കായി ക്ഷണിച്ചത്. തന്ത്രികുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചത് സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കുന്നതിലെ പ്രായോഗികവശങ്ങള്‍ പരിശോധിക്കുന്നതിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
Leave a Reply