ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ സർക്കാർ വാഗ്ദാനം ചെയ്ത 500 മില്യൺ പൗണ്ടിന്റെ സബ്സിഡി പാക്കേജ് താമസിക്കുകയാണെങ്കിൽ സൗത്ത് വെയിൽസിലെ സ്റ്റീൽ നിർമ്മാണം നിർത്തിവെയ്ക്കേണ്ടതായി വരുമെന്ന് ടാറ്റാ സ്റ്റീൽ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മലിനീകരണം കൂടുതൽ ഉണ്ടാകുന്ന സംവിധാനങ്ങൾക്ക് പകരം വൈദ്യുതീകരിച്ച നിർമ്മാണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനാണ് കമ്പനിക്ക് സബ്സിഡി നൽകാമെന്ന് ഗവൺമെൻറ് പറഞ്ഞത്. ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിന് നൽകിയ റിപ്പോർട്ടിലാണ് കമ്പനി പ്രസ്തുത വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.


സൗത്ത് വെയിൽസിലെ പോർട്ട് ടാൽബോട്ടിലെ രണ്ട് ചൂളകളും ലിങ്കൺ ഷെയറിലെ ബ്രിട്ടീഷ് സ്റ്റീലിന്റെ രണ്ട് ചൂളകളുമാണ് യുകെയിൽ കാർബൺ മലിനീകരണം ഉണ്ടാകുന്നതിന് ഏറ്റവും കൂടുതൽ കാരണമാകുന്നത്. ഈ കമ്പനികൾ വൈദ്യുതീകരണത്തിലേയ്ക്ക് മാറുന്നതിലൂടെയെ മലിനീകരണം പാടെ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. ഇതിനായാണ് യുകെ ഗവൺമെൻറ് ഈ രണ്ട് കമ്പനികൾക്കും സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്.


പദ്ധതി നടപ്പിലാക്കുമ്പോൾ സംഭവിക്കുന്ന തൊഴിൽ നഷ്ടം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആധുനികവൽക്കരണം നടപ്പിലാക്കുന്നത് മൂലം നിലവിൽ 2800 പേർക്ക് ടാറ്റാ സ്റ്റീൽ തൊഴിൽ നഷ്ടപ്പെടുമെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത് . ഇതിനെതിരെ ടാറ്റാ സ്റ്റീൽ കമ്പനിയിലെ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരുന്നു.