ലണ്ടന്‍: സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള നികുതി ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ വര്‍ദ്ധിപ്പിച്ചേക്കും. നിലവില്‍ നികുതിയിളവ് ലഭിക്കുന്ന ഇവര്‍ക്ക് എന്നാല്‍ ജോലിചെയ്യുന്നവര്‍ നല്‍കുന്ന നികുതിയേക്കാള്‍ കുറഞ്ഞ തുക മാത്രം അടച്ചാല്‍ മതിയാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനു മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമെന്നാണ് വിവരം. സ്വയം തൊഴില്‍ സംരംഭകര്‍ വര്‍ദ്ധിച്ചു വരുന്നതിന് കാരണം സംരംഭങ്ങളുടെ വര്‍ദ്ധനയല്ലെന്നും നികുതി ഒഴിവാക്കാന്‍ ജനങ്ങള്‍ ശ്രമിക്കുന്നതാണെന്നുമാണ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് കരുതുന്നത്.
രാജ്യത്തിന്റെ നികുതി അടിത്തറയെ നശിപ്പിക്കുന്നതാണ് ഈ സമ്പ്രദായമെന്നാണ് വകുപ്പ് ഈ രീതിയെ വിശദീകരിക്കുന്നത്. മറ്റു ജീവനക്കാര്‍ ദേശീയ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനായി 12 ശതമാനം നല്‍കുമ്പോള്‍ 8060 പൗണ്ടിനു മേല്‍ വരുമാനമുള്ള സ്വയംതൊഴില്‍ സംരംഭകര്‍ 9 ശതമാനം മാത്രമാണ് അടക്കുന്നത്. ഈ വ്യത്യാസം ന്യായീകരിക്കപ്പെടേണ്ടതാണോ എന്ന ചോദ്യം ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

സ്വയം തൊഴിലുകാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കിക്കൊണ്ടാണ് മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ ക്ലാസ് 2 നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ എടുത്തു കളഞ്ഞത്. അടുത്ത ഏപ്രിലില്‍ ഇത് നിലവില്‍ വരും. എന്നാല്‍ പുതിയ ബജറ്റില്‍ എന്‍ഐസി എല്ലാ വിഭാഗങ്ങളിലുമുള്ള ജീവനക്കാര്‍ക്കായി ഒരേപോലെ വിഭജിക്കുമെന്നാണ് വിവരം. പ്രത്യേക വരുമാന പരിധിക്ക് മുകളിലുള്ളര്‍ക്കായിരിക്കും ഇപ്രകാരം ചെയ്യുക.

ബ്രിട്ടിലുണ്ടായിരുന്ന 45 ശതമാനം തൊഴില്‍ വളര്‍ച്ചയും സ്വയം തൊഴില്‍ സംരംഭകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ 2008ല്‍ പിന്നോട്ടു പോയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരസ്യം, ബാങ്കിംഗ് പോലെയുള്ള വേതനം കൂടുതല്‍ ലഭിക്കുന്ന മേഖലകളിലാണ് ഇടിവുണ്ടായത്. എന്നാല്‍ കുറഞ്ഞ വരുമാനമുള്ള മേഖലകളായ ടാക്‌സി ഡ്രൈവര്‍മാര്‍, കുറിയര്‍ എന്നിവയില്‍ നിന്ന് സ്വയം തൊഴില്‍ മേഖലയിലേക്ക് ആളുകള്‍ തിരിയുന്നില്ലെന്നതും ശ്രദ്ധേയമാണ്.