അച്ഛന്‍ മരിച്ചതറിഞ്ഞ് ബസിലിരുന്നു കരയുകയായിരുന്ന യുവതിക്കാണ് ഒരു പരിചയവുമില്ലാതിരുന്നിട്ടും അധ്യാപികയായ യുവതി സ്‌നേഹത്തണല്‍ ഒരുക്കിയത്. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് നൂറിലേറെ കിലോമീറ്റര്‍ സാന്ത്വനമായി സഞ്ചരിച്ച് യുവതിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്.

കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയും ജോലിസ്ഥലത്തേക്കു പോകാന്‍ വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് ഈ ബസില്‍ കയറി. ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യം കാര്യമാക്കിയില്ല. പാതിമുറിഞ്ഞ ഫോണ്‍ സംഭാഷണത്തിന് ഒടുവില്‍ കരച്ചില്‍ ഉയര്‍ന്നതോടെ ഇരുവരും യുവതിക്കരികിലെത്തി.

എറണാകുളത്തെ ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞതോടെയാണ് കരച്ചിലുയര്‍ന്നത്. ദുഃഖത്തില്‍ ഒപ്പം ചേര്‍ന്ന അധ്യാപികമാര്‍ യുവതിയെ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോള്‍ത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന് ബസ് ജീവനക്കാരും പറഞ്ഞു. വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛന്‍ മരിച്ചതറിഞ്ഞ് തളര്‍ന്നുപോയ യുവതിയെ ഒറ്റയ്ക്ക് വിടാന്‍ അധ്യാപികമാരുടെ മനസ്സ് വിസമ്മതിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരുവരും ചേര്‍ന്ന് ആലോചിച്ചു. ഒരാള്‍ കൂടെപ്പോകാന്‍ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം കൂടി. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകര്‍ന്നൊരു യാത്ര. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസില്‍ക്കയറി വീട്ടുകാരുടെ കരങ്ങളില്‍ ആ യുവതിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണ് മടങ്ങിയത്. വൈകുന്നേരത്തോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. കനിവിന്റെ ഉറവ വറ്റാത്ത ഹൃദയത്തെ കോളേജും നാടും നമിച്ചു.

കോളേജിലെ ജോലിത്തിരക്കോ അവധിയുടെ കാര്യമോ വീട്ടുകാരുടെ സമ്മതമോ ഒന്നുംനോക്കാതെ ഒപ്പംപോയ അധ്യാപികയ്ക്ക് കണ്ടക്ടറും പിന്തുണയേകി. വളയംകുളം മുതല്‍ കോഴിക്കോടുവരെയുള്ള യാത്രയ്ക്ക് സഹായമേകിയാണ് കണ്ടക്ടറും തന്റെ മനുഷ്യത്വം തെളിയിച്ചത്.