കഴിഞ്ഞദിവസം യാത്രാമധ്യേ വിമാനത്തിൽ നിന്നും വീണ് മരണമടഞ്ഞ അലാന കട്ട്ലാൻഡ് എന്ന കേംബ്രിഡ്ജ് വിദ്യാർത്ഥിനിയെ സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷിക്കാൻ ശ്രമിച്ചു രൂത്ത് ജോൺസൺ എന്ന അമ്പത്തൊന്നുകാരിയായ അധ്യാപിക. വീഴാൻ തുടങ്ങിയ അലാനയുടെ കാലിലേക്ക് അധ്യാപിക മുറുകെ പിടിച്ചു എങ്കിലും കൈയിൽനിന്ന് വഴുതി പോകുകയായിരുന്നു. അധ്യാപികയുടെ ധൈര്യം പ്രശംസനീയമെന്ന് വിലയിരുത്തലുകൾ. മഡഗാസ്കറിന് മുകളിലൂടെ പറക്കുമ്പോൾ ആണ് അലാന വീഴാൻ തുടങ്ങുകയും രക്ഷിക്കാനായി ടീച്ചർ ശ്രമിക്കുകയും ചെയ്തത്. താൻ നേരിട്ട സാഹചര്യത്തോട് പൊരുത്തപ്പെട്ട് വരികയാണെന്നും അവർ പറഞ്ഞു.
ഓസ്‌ഫോർഡ്ഷയറിലെ ബാൻബറിയിൽ ആണ് രൂത്ത് ജോൺസൺ എന്ന അധ്യാപിക താമസിക്കുന്നത്. വിൻചെസ്റ്റർ ഹൗസ് സ്കൂളിലാണ് അമ്പത്തൊന്നുകാരിയായ അവർ പഠിപ്പിക്കുന്നത്. അലാനയുടെ ശരീരം പകുതി വിമാനത്തിൽ നിന്ന് പുറത്തു വന്നതിനു ശേഷവും കാലിൽ ബലമായി അവർ പിടിച്ചിരുന്നു. പക്ഷേ അവരുടെ കയ്യിൽ നിന്നും അവസാനം മരണത്തിലേക്ക് വഴുതി പോവുകയായിരുന്നു അലാന. അലാനയുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.
രൂത്തിന്റെ ധൈര്യം വാക്കുകൾക്കതീതമാണെന്ന് ഭർത്താവ് മാത്യു സ്മിത്ത് പറഞ്ഞു . മഡഗാസ്കറിൽ മൂന്നാഴ്ച താമസിച്ചു ഗ്രാമങ്ങളിലുള്ള സ്കൂളുകളിൽ പഠിപ്പിക്കുകയും കുട്ടികളെ സഹായിക്കുകയും ചെയ്യുകയായിരുന്നു രൂത്ത് ജോൺസൺ. അവിടെവെച്ചാണ് അലാനയെ പരിചയപ്പെടുന്നത്. അലാനയുടെ മാനസിക നില തകരാറിലായിരുന്നു എന്നും അവർ പറഞ്ഞു. അവിടെയുള്ള ദ്വീപിൽ ഒരു കൺസർവേഷൻ പ്രോജക്റ്റിന്റെ ഇൻവെസ്റ്റിഗേഷനായി 40 ദിവസത്തേക്ക് വന്നതായിരുന്നു അലാന. എന്നാൽ ആരോഗ്യസ്ഥിതി മോശമായ കാരണം 8 ദിവസം കഴിഞ്ഞപ്പോഴേക്കും മടങ്ങിപ്പോകാൻ തീരുമാനിക്കുകയായിരുന്നു.
തങ്ങളുടെ മകൾ വളരെ മിടുക്കി ആയിരുന്നു എന്നും അവളുടെ മരണത്തിൽ അതീവ വേദനയുണ്ടെന്നും അലാനയുടെ മാതാപിതാക്കൾ രേഖപ്പെടുത്തി. മാനസികനില തകരാറിലായിരുന്ന അലാന മനപ്പൂർവം വിമാനത്തിൽനിന്ന് എടുത്തുചാടി എന്നതാണ് അവസാനത്തെ കണ്ടെത്തലുകൾ. അലാനയുടെ മരണത്തെ സംബന്ധിച്ച് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു.
Leave a Reply