ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ചില സ്ഥലങ്ങളിൽ സൂര്യഗ്രഹണം ഭാഗികമായി കാണാമെന്ന പ്രതീക്ഷ ആസ്ഥാനത്തായി. മേഘാവൃതമായ കാലാവസ്ഥ മൂലം യുകെയിൽ നിന്ന് സൂര്യഗ്രഹണം കാണാൻ തയാറെടുത്തിരുന്നവർക്ക് നിരാശരാകേണ്ടി വന്നു. യുകെയിൽ ദൃശ്യമാകുന്ന അടുത്ത സമ്പൂർണ്ണ സൂര്യഗ്രഹണത്തിന് ഇനി വളരെ നാൾ കാത്തിരിക്കേണ്ടി വരും. 2090 -ലെ ഇനി യുകെയിൽ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാവുകയുള്ളൂ. 2026 -ൽ യൂറോപ്പിലെയും വടക്കേ അമേരിക്കയുടെയും ചില ഭാഗങ്ങളിൽ സമ്പൂർണ്ണ സൂര്യഗ്രഹണം കാണാൻ സാധിക്കും.
എന്നാൽ യുകെയിലെ കാർമർ ഥൻ ഷയറിൽ നിന്ന് സൂര്യഗ്രഹണം കാണാനായി മാത്രം 4000 മൈലുകൾ (6384 കിലോമീറ്റർ) യാത്ര ചെയ്ത ഇവൻ ജോൺ ഗ്രിഫിത്ത്സ് ആണ് ഈ സൂര്യഗ്രഹണത്തിലെ താരം. 17 വയസ്സുകാരനായ ഇവാനും കുടുംബവും ജീവിതത്തിൽ ഒരിക്കൽ മാത്രം സാധിക്കുന്ന അപൂർവ്വ പ്രതിഭാസം നേരിട്ടു കാണാനായി ഇത്രയേറെ മൈലുകൾ സഞ്ചരിച്ചത്. കാർമാർഥെൻഷെയറിലെ ലാൻഡെയ്‌ലോയിൽ നിന്ന് ഇന്ത്യാനയിലെ ഇവാൻസ്‌വില്ലെയിലേക്ക് ആണ് സൂര്യ ഗ്രഹണം കാണാൻ ഇവാൻ എത്തിയത് .
സൂര്യഗ്രഹണം കാണാൻ ഇത്രയും ദൂരം യാത്ര ചെയ്ത ഇവന് യുകെയിലെ പത്ര പ്രവർത്തകർ വൻ പ്രാധാന്യമാണ് നൽകിയത്. ബിബിസി ഇവാനുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു. “ഒരു വർഷം മുമ്പ് എൻ്റെ ജന്മദിനത്തിൽ അമേരിക്കയിലെ ഇവാൻസ്‌വില്ലെ എന്ന എൻ്റെ പേര് തന്നെയുള്ള പട്ടണത്തിൽ ഒരു സൂര്യഗ്രഹണം നടക്കുമെന്ന് ഞാൻ ഇൻ്റർനെറ്റിൽ കണ്ടെത്തി. അത് ആർക്കും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു യാദൃശ്ചികതയാണെന്ന് ഞാൻ കരുതിയെന്ന് ഇവാൻ മാധ്യമങ്ങളോട് പറഞ്ഞു . ഇവാൻ ജോൺ ഗ്രിഫിത്ത്‌സും സഹോദരൻ ലെവെലിനും യുഎസിലെ ഇന്ത്യാനയിൽ സൂര്യഗ്രഹണം കാണാൻ എത്തിയത് അമ്മ കാത്രിൻ എഡ്വേർഡിനൊപ്പമായിരുന്നു.
Leave a Reply