“പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ചന്ദനയുടെയും പ്രജിന്റേയും വിവാഹം ഉറപ്പിച്ചത്. നിര്‍ബന്ധമായും മതം മാറണമെന്നതടക്കമുള്ള അവരുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ സമ്മതിച്ചിരുന്നു. മകളുടെ സന്തോഷം മാത്രമായിരുന്നു നോക്കിയത്. എന്നാല്‍ സ്ത്രീധനമായി അവര്‍ ആവശ്യപ്പെട്ട തുകയോ സ്വര്‍ണമോ ഞങ്ങളെക്കൊണ്ട് നല്‍കാന്‍ കഴിയുന്നതായിരുന്നില്ല. അതോടെ അവര്‍ വിവാഹം നടക്കില്ലെന്ന് പറയുകയായിരുന്നു. അതിലെ മനോവിഷമം മൂലമാണ് അവള്‍ ഈ കടുംകൈ ചെയ്തത്..”- സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് കൊച്ചി പനങ്ങാട് ആത്മഹത്യ ചെയ്ത ചന്ദനയുടെ അമ്മ പ്രീതി പറയുന്നു.

സെപ്തംബര്‍ അഞ്ചിനായിരുന്നു നിയമവിദ്യാര്‍ഥിയായ ചന്ദന വിനോദിനെ (24) വീട്ടിലെ കിടപ്പുമുറിയിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോഡ്രൈവറായ വിനോദിന്റെയും വിദേശത്ത് ജോലി ചെയ്തിരുന്ന പ്രീതിയുടേയും മകളാണ് ചന്ദന. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ചന്ദനയുടെയും പ്രജിന്റെയും വിവാഹം ഉറപ്പിച്ചത്.

ഇരു മതത്തില്‍ പെട്ടവരായിരുന്നിട്ടും മകളുടെ ആഗ്രഹത്തിന് ചന്ദനയുടെ വീട്ടുകാര്‍ എതിര് നിന്നില്ല. മതം മാറണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചായിരുന്നു അവര്‍ വിവാഹത്തിന് സമ്മതം നല്‍കിയത്. വിവാഹം ഉറപ്പിക്കുന്നതിനിടെ സ്ത്രീധനത്തെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും ഒന്നും വേണ്ടെന്നായിരുന്നു വരന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട്, വിവാഹത്തിന് മുന്‍പായി രണ്ടര ലക്ഷം രൂപയും വിവാഹ സമയത്ത് 51 പവനും നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് ചന്ദനയുടെ ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പ്രജിത് ചന്ദനയോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിവരം ചന്ദന അമ്മ പ്രീതിയെ അറിയിച്ചതിന് പിന്നാലെ അവര്‍ പ്രജിന്റെ അമ്മയുമായി ബന്ധപ്പെടുകയായിരുന്നു.

‘നിങ്ങടെ മോളെ ഒന്നും കൊടുക്കാതെയാണോ കെട്ടിപ്പൂട്ടി അയക്കാന്‍ പോകുന്നതെന്നായിരുന്നു പ്രജിന്റെ അമ്മ എന്നോട് ചോദിച്ചത്. ഇക്കാര്യങ്ങള്‍ പറഞ്ഞ് നിരന്തരം പ്രജിനും ചന്ദനയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ സമ്മതിക്കാതിരുന്നാലോ എന്ന് കരുതി പലകാര്യങ്ങളും ചന്ദന തുറന്ന് പറഞ്ഞിരുന്നില്ല,” പ്രീതി പറയുന്നു.

”പിന്നീട് ഇക്കാര്യങ്ങള്‍ സംസാരിച്ച് തീര്‍പ്പാക്കുന്നതിനായി ഞങ്ങളുടെ ആവശ്യപ്രകാരം പ്രജിന്റെ വീട്ടുകാര്‍ ഇങ്ങോട്ട് വന്നു. ഇത്രയും തുക നല്‍കാനുള്ള സാഹചര്യം ഞങ്ങള്‍ക്കില്ലെന്ന് അവരോട് പറഞ്ഞു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട സ്വര്‍ണവും പണവും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് പറഞ്ഞു. വിവാഹം നടന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അവരുടെ മുന്നില്‍ വെച്ച് തന്നെ ചന്ദന പറഞ്ഞിരുന്നു. ‘എന്നാല്‍ നീ പോയി ചാകെടീ’ എന്നായിരുന്നു പ്രജിന്റെ മറുപടി. പക്ഷേ അവള്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല..” പ്രീതിയുടെ വാക്കുകള്‍ ഇടയ്ക്കുവെച്ച് മുറിഞ്ഞു. ”ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പ്രജിനെ അറസ്റ്റ് ചെയ്തതായി അറിഞ്ഞു. എനിക്ക് അതില്‍ സന്തോഷമൊന്നും തോന്നുന്നില്ല. എനിക്ക് എന്റെ മകളെ നഷ്ടമായി.”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിലെ പ്രതിയായ പ്രജിനെ (29) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വെല്‍ഡിങ് തൊഴിലാളിയാണിയാള്‍. വിവാഹം മുടങ്ങിയ വിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായാണ് പോലീസ് കുറ്റപത്രം. ആത്മഹത്യാപ്രേരണക്കുറ്റം, സ്ത്രീധനം ആവശ്യപ്പെടല്‍, വഞ്ചനക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പനങ്ങാട് എസ്‌ഐ  പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അലമാര നിറയേ അവന്റെ സമ്മാനങ്ങള്‍.. വീട് നിറയെ അവന്റെ പേര്

ചന്ദനയുടെ അലമാര നിറയേ അവന്‍ വാങ്ങിക്കൊടുത്തിട്ടുള്ള സമ്മാനങ്ങളാണ്. പ്രണയം തുടങ്ങിയ നാള്‍മുതലുള്ള എല്ലാ സാധനങ്ങളും അവള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ജന്മദിനത്തിന് നല്‍കിയ പൂവ്, അവന്‍ കൊടുത്ത കത്ത്, മിഠായിയുടെ കവര്‍ അങ്ങനെ എല്ലാം.. അവളുടെ കപ്പിലും മുഖം നോക്കുന്ന കണ്ണാടിയില്‍ പോലും അവന്റെ പേരാണ്” -അമ്മ പ്രീതി പറയുന്നു.

”എട്ടാംക്ലാസില്‍ വെച്ചായിരുന്നു ഇവര്‍ തമ്മിലുള്ള പ്രണയം ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ ഇക്കാര്യം അറിഞ്ഞു. അപ്പോള്‍ പ്രജിനെ വിളിച്ച് വിലക്കിയിരുന്നു. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ ഇപ്പോഴും പ്രണയമുണ്ടെന്ന് അറിയുന്നത്. പ്രജിനെ ഇപ്പോഴും ഇഷ്ടമാണെന്നും വിവാഹം നടത്തിക്കൊടുക്കണമെന്നും ചന്ദന പറയുമ്പോഴാണ് അക്കാര്യം അറിയുന്നത് തന്നെ. പിന്നാലെ പ്രജിന്റെ വീട്ടുകാര്‍ ആലോചനയുമായി വന്നു. ഉടന്‍ തന്നെ വിവാഹം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഞങ്ങള്‍ക്ക് അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. അങ്ങനെ വിവാഹം കുറച്ച് നാളത്തേക്ക് നീട്ടി വെക്കുകയായിരുന്നു. പിന്നീട് പെട്ടെന്നുതന്നെ വിവാഹം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവാഹ തീയതിയെല്ലാം നിശ്ചയിച്ചത്.”

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)