ടെന്നീസ് ലോകത്തെ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022 ലേവര്‍ കപ്പിനുശേഷം ടെന്നീസ് മതിയാക്കുമെന്നാണ് താരം പുറത്തുവിട്ട വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിന്റെ വീഡിയോ പുറത്തെത്തിയത്. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ചരിത്രം കുറിച്ചാണ് പടിയിറങ്ങുന്നത്.

സ്വിറ്റ്സര്‍ലന്‍ഡ് പൗരനായ ഫെഡറര്‍ ദീര്‍ഘകാലം ലോക ഒന്നാം നമ്പറായിരുന്നു. ടെന്നീസിലെ പ്രമുഖ കിരീടങ്ങളെല്ലാം നേടിയ റോജര്‍ക്ക് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരിക്കുമൂലം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയിലായിരുന്നു. പരിക്ക് വില്ലനായി അവതരിച്ചതോടെയാണ് ഫെഡറര്‍ വിരമിക്കല്‍ തീരുമാനത്തിലേക്ക് കടന്നത്. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് വില്ലനായത്.

താരം 24 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിക്കുന്നത്. 103 കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡറര്‍ എക്കാലത്തും ടെന്നീസ് പ്രേമികളുടെ മാതൃകയായിരിക്കും.