മലയാളം യുകെ ന്യൂസ് ടീം.
മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് “ടെപ്സികോർ 2018” ജൂലൈ മാസത്തിൽ നടക്കും. കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് മിഡ് ലാൻസ് വേദിയൊരുക്കും. നാളെയുടെ പ്രതീക്ഷകളുടെ പുതുനാമ്പുകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിക്കുന്ന, പ്രവാസികളുടെ മനസിൻറെ പ്രതിബിംബമായ മലയാളം യുകെ ഓൺലൈൻ ന്യൂസ് ജനങ്ങളോടൊപ്പം ആഘോഷിക്കുവാൻ വീണ്ടും എത്തുകയാണ്. നേർവഴിയിൽ ജനങ്ങളുടെ വിശ്വാസമാർജിച്ച് ജനങ്ങളോടൊപ്പം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസ്, മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായാണ് പുതിയ സംരംഭം അണിയിച്ചൊരുക്കുന്നത്. ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ട് സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിൻറെ പര്യായമായ മലയാളം യുകെ, പ്രവർത്തനത്തിൻറെ മൂന്നാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത് കലയുടെ ഉത്സവമാണ്. പ്രഫഷണലിസവും ടീം വർക്കും ജനനന്മയ്ക്കായി സമർപ്പിക്കുന്ന മലയാളം യുകെ ന്യൂസ് ടീം, യുകെ മലയാളി സമൂഹത്തിൻറെ പൂർണ സഹകരണത്തോടെയാണ് ഇവൻറ് സംഘടിപ്പിക്കുന്നത്.
2017 മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും യുകെയിലെ മലയാളി സമൂഹത്തിൻറെ ആത്മാർത്ഥമായ പങ്കാളിത്തത്താൽ വൻ വിജയമായി മാറിയിരുന്നു. സംഘാടന മികവിലും സമയ ക്ലിപ്തതയിലും ജനപങ്കാളിത്തത്തിലും വേറിട്ട അദ്ധ്യായങ്ങൾ രചിച്ച അവാർഡ് നൈറ്റിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നല്കിയ അടിയുറച്ച പിന്തുണയും യുകെയിലെമ്പാടുമുള്ള മലയാളികളുടെ അഭൂതപൂർവ്വമായ സഹകരണവും ലെസ്റ്റർ ഇവന്റിനെ അവിസ്മരണീയമാക്കിയപ്പോൾ 10 മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സ്റ്റേജിലെത്തിയത് ഇരുനൂറോളം പ്രതിഭകളായിരുന്നു. യുകെയിലെ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം നല്കി പുനരാവിഷ്കരിച്ച ലാമ്പ് ലൈറ്റിംഗ് സെറമണിയും നഴ്സുമാരുടെ ലേഖന മത്സരവും മിസ് മലയാളം യുകെ കോണ്ടസ്റ്റും ലെസ്റ്ററിനെ പുളകിതമാക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അദ്ധ്യക്ഷനായ ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും പുലിമുരുകൻറെ സംവിധായകൻ വൈശാഖും ആഘോഷത്തിൽ പങ്കെടുത്ത് മലയാളം യുകെ എക്സൽ അവാർഡുകൾ ബഹുമുഖ പ്രതിഭകൾക്ക് സമ്മാനിക്കുകയുണ്ടായി. മലയാളം യുകെ ന്യൂസ് ടീമിൻറെയും ലെസ്റ്ററിലെ മലയാളി സമൂഹത്തിൻറെയും യുകെയിലെ പ്രബുദ്ധരായ മലയാളികളുടെയും കൂട്ടായ പ്രവർത്തനത്തിൻറെ ഫലമായിരുന്നു മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൻറെ വൻവിജയം.
മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി സംഘടിപ്പിക്കുന്ന പുതിയ സംരംഭമായ മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ്, ആധുനിക ലോകത്തിൻറെ ശോഭനമായ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന പ്രതിഭകളുടെ ഒത്തുചേരലിന് വേദിയായി മാറും. സംഘാടനത്തിലെ പ്രഫഷണലിസവും ഗുണമേന്മയുള്ള സ്റ്റേജ് ക്രമീകരണങ്ങളും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസ്സും സർവ്വോപരി വിവിധ സംസ്കാരങ്ങളുടെ സമ്മേളനവുമായി മാറുന്ന രീതിയിലായിരിക്കും യുകെ മലയാളികൾക്ക് വ്യത്യസ്താനുഭവമായി ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ നവീന സംരംഭം ഒരുക്കപ്പെടുന്നത്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അർഹരായവർക്ക് അംഗീകാരം ഉറപ്പു നല്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതുമാണ് ഇതിലൂടെ മലയാളം യുകെ ന്യൂസ് ടീം ലക്ഷ്യമിടുന്നത്.
മിഡ് ലാൻസിൽ നടക്കുന്ന ഇവൻറ് ജൂലൈ മാസമായിരിക്കും നടക്കുക. മലയാളം യുകെയുടെ പുതിയ പ്രോജക്ടിന് ആതിഥേയത്വം വഹിക്കുവാൻ താത്പര്യമുള്ള അസോസിയേഷനുകളും കമ്മ്യൂണിറ്റികളും ഇവൻറ് പ്രോഗ്രാം കമ്മറ്റിയെ ബന്ധപ്പെടേണ്ടതാണ്. മലയാളം യുകെയോടൊപ്പം നിന്ന് സമൂഹത്തിൽ ഊർജ്ജം പകരാനും സംസ്കാരിക സമന്വയത്തിൽ വലിയ പങ്കുവഹിക്കാനുമുള്ള അവസരമാണ് ആതിഥേയരെ കാത്തിരിക്കുന്നത്. സമൂഹത്തിൻറെ മുഖ്യധാരയിലെത്തി കലാ സാംസ്കാരിക രംഗങ്ങളിലെ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർക്ക് മലയാളം യുകെയുടെ ഇവന്റ് ഓർഗനൈസിംഗിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ബിൻസു ജോൺ (ഫോൺ നമ്പർ : 07951903705)
നവീകരിച്ച ഓൺലൈൻ പോർട്ടലിൽ, 24 മണിക്കൂർ ന്യൂസ് അപ്ഡേറ്റുമായി മലയാളം യുകെ ന്യൂസ് അതിൻറെ പ്രവർത്തനമേഖല ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. ജനങ്ങൾ അറിയാനാഗ്രഹിക്കുന്ന എല്ലാ വാർത്തകളും വിശേഷങ്ങളും സത്യസന്ധതയോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ലോകമെമ്പാടും എത്തിക്കാൻ മലയാളം യുകെ പര്യാപ്തമായിക്കഴിഞ്ഞു. കുറഞ്ഞ കാലയളവിൽ ജനങ്ങളുടെ മനസിൽ പതിഞ്ഞ ഓൺലൈൻ ന്യൂസായി www.malayalamuk.com മാറിയിരിക്കുന്നു.
ജനാധിപത്യ സംവിധാനങ്ങൾക്ക് സർവ്വ പിന്തുണയും നല്കുന്നതോടൊപ്പം എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുന്ന മലയാളം യുകെ ന്യൂസ് ടീം, ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിൻറെയും സൗഹൃദ കൂട്ടായ്മയുടെയും പുതുവസന്തമായി ഒരുക്കുന്ന പുതിയ സംരംഭത്തിൽ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ്. മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റിൻറെ വേദിയും തീയതിയും ഗൈഡ് ലൈനും ഉടൻ തന്നെ മലയാളം യുകെ ന്യൂസ് ടീം പ്രഖ്യാപിക്കുന്നതാണ്.
Leave a Reply