മലയാളം യുകെ ന്യൂസ് ടീം.
ബ്രിട്ടനെ നടുക്കി ഭീകരാക്രമണം. ആക്രമണകാരിയടക്കം 5 പേർ കൊല്ലപ്പെട്ടു. നാല്പതോളം പേർക്ക്  പരിക്ക് ഏറ്റിട്ടുണ്ട്. പാർലമെന്റിനകത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ആക്രമണകാരിയെ പോലീസ് വെടിവെച്ചു വീഴ്ത്തി. വെസ്റ്റ് മിനിസ്റ്റർ ബ്രിഡ്ജിൽ കാൽനടക്കാരുടെ നേരെ കാറോടിച്ച് കയറ്റിയതിനെ തുടർന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിന്നു രക്ഷപെടാൻ  തെംസ് നദിയിലേക്ക് എടുത്തു ചാടിയ സ്ത്രീയെ എമർജൻസി വിഭാഗം രക്ഷിച്ചെങ്കിലും ഗുരുതരാവസ്ഥയിലാണ്. പാർലമെൻറിനു മുമ്പിൽ ഒരു പോലീസുകാരൻ കുത്തേറ്റു മരിച്ചു. ഉച്ചയ്ക്കുശേഷം 2.40 ഓടെയാണ് ആക്രമണ പരമ്പര തുടങ്ങിയത്. ഉടൻ തന്നെ പ്രധാനമന്ത്രി തെരേസാ മേയെ സുരക്ഷാ വിഭാഗം 10, ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് മാറ്റി. വോട്ടിംഗിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്ന എം.പി മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ പോലീസ് അടിയന്തിര നിർദ്ദേശം നല്കി.

ബ്രിട്ടീഷ് പാർലമെൻറിന്റെ നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതോടൊപ്പം വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജിൽ ദൗർഭാഗ്യകരമായ ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും പോലീസ് കോൺസ്റ്റബിൾ കീത്ത് പാൽമറിനും മലയാളം യു കെ ന്യൂസ് ടീം ആദരാജ്ഞലികൾ അർപ്പിക്കുന്നു. ബ്രിട്ടീഷ് ജനതക്ക് എതിരായി അകത്തു നിന്നും പുറത്തു നിന്നുള്ള ഭീഷണികളെ നേരിടാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും മലയാളം യു കെ ന്യൂസ് പ്രഖ്യാപിക്കുന്നു. ജനങ്ങളുടെ സമാധാന ജീവിതത്തിനു ഭംഗം വരുത്താനുള്ള പ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞ്, അവയെ ഒറ്റപ്പെടുത്തി, നല്ല നാളേയ്ക്ക് വേണ്ടി കൈകോർക്കാൻ നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാവും.

Screenshot_20170322-182340നാല്പതു വയസോളം പ്രായമുള്ള ഒരു ഏഷ്യക്കാരനാണ് ആക്രമണം നടത്തിയത്. പാർലമെന്റിലേയ്ക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ഇയാളെ പോലീസ് വെടിവച്ചു വീഴ്ത്തി. പാർലമെന്റ് നടപടികൾ നടന്നു കൊണ്ടിരിക്കേ ആണ് പുറത്ത് ആക്രമണം നടന്നത്. തുടർന്ന് പാർലമെന്റിൽ നിന്നും എം പിമാരെയും സ്റ്റാഫിനെയും വെസ്റ്റ് മിനിസ്റ്റർ ആബെയിലേക്ക് മാറ്റി. പാർലമെൻറിലും പരിസര പ്രദേശങ്ങളിലും പോലീസ് കർശന പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ലണ്ടൻ നഗരം കനത്ത പോലീസ് സുരക്ഷാ വലയത്തിലാണ്. സ്കോട്ട്ലൻഡ് യാർഡും സുരക്ഷാ ഏജൻസികളും സ്ഥിതി ഗതികൾ വിലയിരുത്തി വരികയാണ്. അടിയന്തിര സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി തെരേസ മേയ് കോബ്ര മീറ്റിംഗ് വിളിച്ചു. പരിക്കേറ്റവരിൽ ഫ്രാൻസിൽ നിന്ന് യുകെയിൽ എത്തിയ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. പോലീസ് കോൺസ്റ്റബിൾ കീത്ത് പാൽമർ ആണ്  അക്രമിയുടെ കുത്തേറ്റ് മരിച്ചത്.

Screenshot_20170322-182408