2006 മുതല്‍ ഗ്ലാസ്ഗോയിലെ കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമായിരുന്ന കലാകേരളം ഒരു പതിറ്റാണ്ടിലേറെയായി ഒരു കുടിയേറ്റ സമുഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലെ നിറസാന്നിധ്യമായിരുന്നു.  തിരിച്ചു വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല ഇന്നലെകളുടെ മാധുര്യം ഒട്ടും ചോര്‍ന്ന് പോകാതെ നെഞ്ചോട് ചേര്‍ത്ത് വെയ്ക്കാന്‍ ആഗ്രഹിച്ച ഒരു കൊച്ചു സമുഹത്തിന്റെ ആത്മാര്‍പ്പണത്തിന്റെയും, ആവേശത്തിന്റെയും സാക്ഷാത്കാരമായി 2014-ല്‍ കലാകേരളം ഒരു സംഘടനാ പദവിയിലെത്തുകയും വളരെ ചുരുങ്ങിയ പ്രവര്‍ത്തന കാലയളവുകൊണ്ട് യു.കെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി അംഗീകരിക്കപ്പെടുകയും ചെയ്തു.

ഒരു സംഘടന എന്ന നിലയില്‍ സ്വപ്നതുല്യമായ പ്രവര്‍ത്തന മികവ് കാഴ്ചവെച്ച ജോമോന്‍ ജോസഫ്, പോള്‍സണ്‍ ലോനപ്പന്‍, തോമസ് ജോസ്, ജയന്‍ ലോനപ്പന്‍,ആന്റണി ജോസഫ്, സുനിത സൂസന്‍ വര്‍ഗീസ്, ടെസ്സി കാട്ടടി എന്നിവര്‍ സ്ഥാനമൊഴിയുമ്പോള്‍ ,സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും ഗ്ലാസ് ഗോ മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേക്ക് എത്തിയിരിക്കുന്നത്.

സംഘടനാപാടവവും, കൃത്യവും, പക്വവുമായ ഇടപെടലുകളിലൂടെ മികവു തെളിയിച്ച ശ്രീ: സെബാസ്റ്റ്യന്‍ കാറ്റാടി പ്രസിഡന്റ് ആയി ചുമതലയേല്‍ക്കുമ്പോള്‍, സ്വതസിദ്ധമായ സംസാര ചാരുതകൊണ്ടും, പ്രവര്‍ത്തന പരിചയം കൊണ്ടും ഗ്ലാസ്‌ഗോ മലയാളികള്‍ക്ക് പരിചിതനായ ശ്രീ: സിബി തോമസ് പാലയ്ക്കലാണ് സെക്രട്ടറി. സൗമ്യതയും, വിനയവും കൈമുതലാക്കിയ ശ്രീ: ബാബു തോമസ് ട്രെഷററായും, മറുപുറങ്ങളില്ലാതെ നേരോടും നെറിവോടും പെരുമാറുന്ന ശ്രീ: സേവ്യര്‍ ഇടശ്ശേരി വൈസ് പ്രസിഡന്റായും, കലര്‍പ്പില്ലാത്ത കൈ പുണ്യവും, കലവറയോളം സേനഹവും കൈമുതലാക്കിയ ശ്രീ: ഫ്രാന്‍സിസ് മനക്കില്‍ ജോളി ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. കൂടാതെ വനിതാപ്രതിനിധികളായി ശ്രീമതി: മഞ്ജു തോമസ് പൈനാടത്ത്, ഷിജി ജോര്‍ജ്, നിജാ മാത്യു, സെലിന്‍ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും, ഒപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതിയ ഭരണസമിതി രൂപം കൊടുത്തിരിക്കുന്നത് കേരളത്തെ പിടിച്ചുലച്ച പ്രളയദുരിതത്തില്‍,കലാകേരളത്തിന്റെ കൈത്താങ്ങ് എല്ലാ ജില്ലകളിലും എത്തിക്കാന്‍ മുന്‍ ഭരണ സമിതിക്കു കഴിഞ്ഞു. കലാകേരളവും, ഫാദര്‍പോള്‍ മോര്‍ട്ടന്റെ നേതൃത്വത്തില്‍ സെന്റ്.ബ്രൈഡ്‌സ് ചര്‍ച്ച് കാമ്പസ് ലാംഗും ചേര്‍ന്നു നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ രണ്ടു വീടുകളില്‍ ആദ്യത്തേതിന്റെ വെഞ്ചരിപ്പ് കര്‍മ്മം മേയ് 16 ന് നടക്കുകയുണ്ടായി. ജൂലൈ 6ന് സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത നേതാക്കളുടെയും കലാകേരള പ്രവര്‍ത്തക പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്ന അതിവിപുലമായ ചടങ്ങില്‍ വെച്ച് താക്കോല്‍ദാന – ഗ്രഹപ്രവേശന ചടങ്ങും നടത്തപ്പെടും.

ഈ വര്‍ഷത്തെ കലാകേരളത്തിന്റെ കൂട്ടായ്മ യോഗങ്ങളില്‍ ചാരിറ്റി ഷോപ്പ് വഴി സമാഹരിക്കുന്ന തുക കൊണ്ട് കേരളത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ ഒരു വീട് എന്ന വലിയ ആശയമാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. മാതൃഭാഷ അന്യമാകുന്ന പുതു തലമുറയ്കായി മലയാളം ക്ലാസുകള്‍, വാദ്യോപകരണസംഗീതം, സംഗീത – ഡാന്‍സ് ക്ലാസുകള്‍ എന്നിവ ഉടനേ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ചെയ്തു കഴിഞ്ഞു

ആറു മാസം മാത്രം ആയുസ്സ് വിധിക്കപ്പെട്ട് ,ഒരിക്കല്‍ അപമാനത്തിന്റെ കൂരമ്പുകള്‍ എല്‍ക്കേണ്ടി വന്ന ഒരു ചെറിയ പ്രസ്ഥാനം യു.കെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി മാറുന്ന അതുല്യ കാഴ്ചക്കാണ് കാലം സാക്ഷ്യം വഹിച്ചത്.ചേര്‍ച്ചയുള്ള മാനസ്സങ്ങളാണ് വിജയത്തിനാധാരമെന്ന സത്യമുള്‍ക്കൊള്ളുന്ന കലാകേരളം, അംഗങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയ്ക് ഏറെ പ്രാധാന്യം നല്‍കുന്നു. നിലപാടുകളിലെ ദൃഢതയും, പ്രവര്‍ത്തനങ്ങളിലെ മികവും, കൂട്ടായ്മയുടെ ആഘോഷവും ഒത്തുചേരുന്ന കലാകേരളം, അതിരില്ലാത്ത വിശ്വ വിശാലതയുടെ ചിറകിലേറി അച്ചടക്കവും, കൃത്യതയും, നീതിബോധവും, അര്‍പ്പണബോധവും, ആത്മാര്‍ത്ഥവുമായ സംഘടനാ പ്രവര്‍ത്തനം കൊണ്ട് കലാകേരളമെന്ന നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് അണിചേരാന്‍ പുതിയ ഭരണസമിതി ഗ്ലാസ്‌ഗോ മലയാളികളെ ആഹ്വാനം ചെയ്തു.