ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ക്ലബ്കാര്‍ഡ് പോയിന്റുകള്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരമൊരുക്കി ടെസ്കോ. സാധാരണഗതിയില്‍ ടെസ്കോ സ്റ്റോറുകളില്‍ ഒരു പൗണ്ടിന്റെ പര്‍ച്ചേസ് നടത്തിയാല്‍ ഒരു ക്ലബ്കാര്‍ഡ് പോയിന്റാണ് ഉപഭോക്താവിന് ലഭിക്കുക. എന്നാല്‍ പുതിയ സ്കീം പ്രകാരം 4 പൗണ്ടിന്റെ പര്‍ച്ചേസുകള്‍ക്ക് 5 പോയിന്റുകള്‍ ലഭിക്കും. ഇത് ലഭിക്കണമെങ്കില്‍ നിങ്ങള്‍ നടത്തുന്ന ഒരോ പര്‍ച്ചേസിന്റെയും പേയ്മെന്റ് ആപ് വഴിയാണ് നടത്തേണ്ടത്. പുതിയ ഓഫര്‍ ഈ വര്‍ഷം മുഴുവന്‍ ലഭിക്കും. നേരത്തെ ഫെബ്രുവരി 28 വരെയായിരുന്ന സ്കീം നിലനിന്നിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ ഓഫര്‍ പുന:സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് അവരുടെ കെഡ്രിറ്റ് ഡെബിറ്റ് കാര്‍ഡ് ഇന്‍ഫര്‍മേഷനും ക്ലബ്കാര്‍ഡ് വിവരങ്ങളും ആപ്പില്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും. ഷോപ്പിംഗിന് ശേഷം ഡിസ്പ്ലേയില്‍ കാണുന്ന ബാര്‍ക്കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെ പേയ്മെന്റ് നടത്താന്‍ കഴിയുന്നതാണ്. അത്തരത്തില്‍ പേയ്മെന്റ് പൂര്‍ത്തീകരിച്ചാല്‍ ക്ലബ്കാര്‍ഡ് പോയിന്റ് ഓട്ടോമാറ്റിക്കായി അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടും. നേരത്തെ ക്ലബ്കാര്‍ഡ് പോയിന്റുകളുടെ മൂല്യം കുറയ്ക്കാനുള്ള തീരുമാനം ടെസ്കോ എടുത്തിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്ത് വന്നതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് ടെസ്കോ അറിയിച്ചു. യാതൊരു മുന്നറിയിപ്പും നല്‍കാതെ ക്ലബ്കാര്‍ഡ് പോയിന്റുകളുടെ മുല്യം കുറയ്ക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ഉപഭോക്താക്കള്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ വിമര്‍ശനവുമായി രംഗത്ത് വന്നതോടെ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത് റിട്ടൈലര്‍ സ്ഥാപനം നീട്ടിവെച്ചു. വരുന്ന ജൂണ്‍ 10 വരെ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ക്ലബ്കാര്‍ഡ് പോയിന്റുകളും ഫ്രീ വൗച്ചറുകളും ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ നിരവധിയാണ്. ഒരു വര്‍ഷത്തില്‍ നല്ലൊരു തുക ഈ രീതിയില്‍ ആളുകള്‍ ലാഭിക്കുകയും ചെയ്യുന്നുണ്ട്. ആപ് വഴി പേയ്മെന്റ് നടത്തി പോയിന്റുകള്‍ കരസ്ഥമാക്കാനുള്ള അവസരം ഉപഭോക്താക്കള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.
Leave a Reply