സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടനിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഗ്ലോസെസ്റ്ററിലെ ബ്രിസ്റ്റോൾ റോഡിലുള്ള ടെസ്‌കോ എക്സ്ട്രാ സ്റ്റോറിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം ഇപ്പോൾ സെൽഫ് ഐസൊലേഷനിലാണ്. അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോർട്ടുകൾ. ടെസ്‌കോ സ്റ്റോറിലെ മറ്റു മൂന്ന് സ്റ്റാഫുകളും സെൽഫ് ഐസൊലേഷനിലാണ്. തങ്ങളുടെ ജീവനക്കാരിൽ ഒരാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി ടെസ്‌കോ വക്താവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തങ്ങൾ ഉടൻ തന്നെ വേണ്ടതായ എല്ലാ നടപടികളും സ്വീകരിച്ചു എന്നും അവർ പറഞ്ഞു.
ഗവൺമെന്റ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഗ്ലോസെസ്റ്റർഷെയറിൽ മാത്രം നാലുപേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ ചെൽറ്റൻഹാമിൽ നിന്നും, രണ്ടു പേർ ടെറ്റ്ബറിയിൽ നിന്നും, നാലാമത്തെ ആൾ റ്റിക്കെസ്ബറോയിൽ നിന്നുമാണ്. യുകെയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 590 ആണ്. എട്ടു പേർക്ക് മരണം സംഭവിച്ചിട്ടുണ്ട്.
കൊറോണ ബാധ ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എല്ലാം തന്നെ ജനങ്ങൾ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Leave a Reply