കള്ളനോട്ട് അച്ചടിച്ച് കടയിൽ കൊണ്ടുപോയി മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ. 2000 രൂപയുടെ കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽകടവിൽ അമ്പലത്തിൽ വീട്ടിൽ താഹ നിയാസ് (നാസർ, 47), തഴവ കുറ്റിപ്പുറം എസ്ആർപി മാർക്കറ്റ് ജംക്ഷനിൽ ശാന്ത ഭവനിൽ ദീപ്തി (34) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ദീപ്തിയുടെ വീട്ടിൽ നിന്നും 100 രൂപയുടെ 7 കള്ളനോട്ടുകൾ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി 8നാണ് പൂഴിക്കാട് തച്ചിരേത്ത് ജംക്ഷനിൽ വടക്കേവിളയിൽ ജോർജ്കുട്ടിയുടെ സ്റ്റേഷനറി കടയിൽ സാധനങ്ങൾ വാങ്ങാനായി താഹ നിയാസും ദീപ്തിയും എത്തിയത്. താഹ നിയാസ് നൽകിയ 2000 രൂപയുടെ നോട്ടിൽ സംശയം തോന്നിയ ജോർജ്കുട്ടി ഇയാളെ ചോദ്യം ചെയ്യുകയും ഇവർ വന്ന ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ വിളിച്ചുവരുത്തി ഇരുവരേയും കൈമാറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദീപ്തിയുടെ വീട്ടിൽനിന്നു കള്ളനോട്ടുകളും ഇവ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററും സ്‌കാനറും കണ്ടെടുത്തു. 2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് ഇവർ അച്ചടിച്ചിരുന്നത്. രാത്രി സമയങ്ങളിൽ ദമ്പതികളെന്ന വ്യാജേനെ കടകളിലെത്തിയാണ് നോട്ടുകൾ മാറിയിരുന്നത്. താഹ നിയാസ് തഴവ കുറ്റിപ്പുറത്തു മെഡിക്കൽ സ്റ്റോറും ദീപ്തി കരുനാഗപ്പള്ളിയിൽ വസ്ത്രവ്യാപാരശാലയും നടത്തി വരികയായിരുന്നു.

കോവിഡ് കാലത്തിന് ശേഷം മാസ്‌ക് വിൽപനയുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. ലോക്ഡൗൺ പ്രതിസന്ധിയിലാക്കിയ ഇരുവരും പിന്നീട് തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയുടെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പി ബി വിനോദ്, എസ്എച്ച്ഒ എസ് ശ്രീകുമാർ, എസ്‌ഐമാരായ ബി അനീഷ്, എ അജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.