താക്കോലുമായി കടന്നുകളഞ്ഞ കുരങ്ങനുപിന്നാലെ പോയി താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നിന്ന് അമ്പത് അടി താഴ്ചയിലേക്ക് വീണ യുവാവിനെ അതിസാഹസികമാി രക്ഷപ്പെടുത്തി. മലപ്പുറം ഒതുക്കുങ്ങല് പൊന്മള സ്വദേശി അയമു (38)വിനെ ആണ് രക്ഷപ്പെടുത്തിയത്.
ഫയര്‍ഫോഴ്‌സും ചുരംസംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് ലക്കിടി വ്യൂപോയിന്റില്‍ നിന്ന് താഴെക്ക് പതിച്ച യുവാവിനെ രക്ഷപ്പെടുത്തിയത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. അയമു കുടുംബത്തോ ടൊപ്പമാണ് ഇവിടെ എത്തിയത്.
കാഴ്ചകള്‍ കാണുന്നതിനിടെ ഇദ്ദേഹത്തിന്റെ കാറിന്റെ താക്കോല്‍ കുരങ്ങിന്റെ കൈയ്യില്‍ അകപ്പെടുകയായിരുന്നു. താക്കോലുമായി താഴേക്ക് കുരങ്ങന്‍ പോയപ്പോള്‍ പിന്നാലെ പോയ അയമു സിമന്റ് പടവില്‍ പിടിച്ച് താഴേക്ക് ഇറങ്ങാനുള്ള ശ്രമത്തിനിടെ ബാലന്‍സ് നഷ്ടമായി താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
വീഴ്ചയില്‍ കോണ്‍ക്രീറ്റ് പടവുകളില്‍ ശരീരഭാഗങ്ങള്‍ ഇടിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. അപകടവിവരമറിഞ്ഞ് മറ്റ് യാത്രക്കാരടക്കം നിരവധിയാളുകളാണ് വ്യൂപോയിന്റില്‍ തടിച്ചു കൂടിയത്. അതേസമയം യുവാവ് കൂടുതല്‍ താഴേക്ക് പോകാതെ മനസാന്നിധ്യത്തോടെ നിന്നതാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കിയത്.
Leave a Reply