ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യോർക്കിൽ ചാൾസ് രാജാവിന് നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ പ്രതിയുടെ വിചാരണ ജനുവരി 20 ന് നടക്കും. നവംബർ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാൾസ് രാജാവിനെതിരായ ആക്രമണത്തിൽ 23 കാരനായ പാട്രിക് തെൽവെല്ലിനെതിരെ കേസെടുക്കാൻ നോർത്ത് യോർക്ക്ഷയർ പോലീസിനെ ചുമതലപ്പെടുത്തിയതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) അറിയിച്ചു.

1986 ലെ പബ്ലിക് ഓർഡർ ആക്‌ട് സെക്ഷൻ 4. ന് വിരുദ്ധമായി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കേസെടുത്തത്. സംഭവത്തിൽ 23കാരനായ പ്രതിയെ അടുത്ത വർഷം ജനുവരി 20 ന് യോർക്ക് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. യോർക്കിൽ എലിസബത്ത്‌ രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ രാജാവും രജ്ഞിയും എത്തിയപ്പോഴാണ് മുട്ടയേറ് ഉണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM

അതേസമയം, പബ്ലിക്‌ ഓർഡർ വകുപ്പിന്റെ സെക്ഷൻ 4 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്നും, ജനുവരി 20 ന് കോടതി വാദം കേൾക്കുമ്പോൾ താൻ കുറ്റകാരനല്ലെന്ന് സമൂഹത്തിന് ബോധ്യപ്പെടുമെന്നുമാണ് പാട്രിക് തെൽവെൽ പറയുന്നത്.

പ്രതിക്കെതിരെ നടപടികൾ എടുത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും, യോർക്ക് നഗരത്തിൽ വെച്ച് രാജാവിന് നേരെയുണ്ടായത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത സംഭവമാണെന്നും സിപിഎസ് സ്പെഷ്യൽ ക്രൈം ആൻഡ് കൗണ്ടർ ടെററിസം വിഭാഗം മേധാവി നിക്ക് പ്രൈസ് പറഞ്ഞു