ലണ്ടന്‍: വ്യാവസായിക രംഗത്തുണ്ടാകുന്ന ആഘാതം നേരിടാന്‍ രാജ്യം തയ്യാറായിട്ടില്ലാത്തതിനാല്‍ ബ്രെക്‌സിറ്റ് വൈകിക്കണമെന്ന് ആവശ്യം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സ് എന്ന വ്യവസായ സംഘടനയാണ് പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. 2019 മാര്‍ച്ചിനപ്പുറത്തേക്ക് ബ്രെക്‌സിറ്റ് നീട്ടിവെക്കണമെന്നാണ് ആവശ്യം. കൃത്യമായ വ്യവസ്ഥയില്ലാത്തതിനാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കാനിടയുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകളിലൂടെ നീട്ടിവെക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ യൂറോപ്പില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുപോകാനുള്ള തെരേസ മേയുടെപദ്ധതിയെ പൂര്‍ണ്ണമായി എതിര്‍ക്കുകയാണ് ഈ റിപ്പോര്‍ട്ട്.

ഈ നിര്‍ദേശത്തിന് വ്യാവസായിക മേഖലയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും കസ്റ്റംസ് യൂണിയനില്‍ നിന്നും വിട്ടുപോകുന്നതിന് കുറച്ചുകൂടി സാവകാശം അനുവദിക്കണമെന്നും ഐഒഡി ആവശ്യപ്പെടുന്നുണ്ട്. അപ്രകാരം തുടര്‍ന്നാല്‍ യൂറോപ്യന്‍ നിയമങ്ങള്‍ അനുസരിക്കുകയും ബജറ്റ് വിഹിതം നല്‍കുകയും വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിരുന്നു. ക്യാബിനറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ച ഫിലിപ്പ് ഹാമണ്ടിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസും മുതിര്‍ന്ന ടോറി നേതാക്കളും രംഗത്തെത്തിയിരുന്നു.

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചതിനു പിന്നാലെയാണ് വ്യവസായികള്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. ബ്രെക്‌സിറ്റിനു ശേഷമുണ്ടാകാനിടയുള്ള മാന്ദ്യത്തിന്റെ ഫലമായി ജിഡിപി നിരക്കും വേതന നിരക്കും കുറയുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞിരുന്നു.