ഭരണകക്ഷി എം.എൽ.എ. പി.വി. അൻവറിന്റെ ഗുരുതര ആരോപണങ്ങളിൽ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ അന്വേഷണം മാത്രം പ്രഖ്യാപിച്ച് സർക്കാർ. ആരോപണവിധേയരായ എ.ഡി.ജി.പി.യെ മാറ്റിനിർത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന സൂചനയാണുണ്ടായിരുന്നതെങ്കിലും അന്വേഷണത്തിന് ഡി.ജി.പി.യുടെ നേതൃത്വത്തിൽ ഉന്നതസംഘത്തെ മാത്രമാണ് തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചത്. അതേസമയം, ആരോപണവിധേയനായ പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനെ മാറ്റി.

എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെയും എസ്.പി. സുജിത് ദാസ് ഉൾപ്പടെയുള്ള പോലീസുദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാനാണ് പ്രത്യേകസംഘം രൂപവത്കരിച്ചത്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടുനൽകാനാണ് നിർദേശം. ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും പരാതികളിലും അന്വേഷണമുണ്ടാകും. ദക്ഷിണമേഖലാ ഐ.ജി.യും തിരുവനന്തപുരം കമ്മിഷണറുമായ ജി. സ്പർജൻകുമാർ, തൃശ്ശൂർ റെയ്‌ഞ്ച് ഡി.ഐ.ജി. തോംസൺ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനൻ, തിരുവനന്തപുരം ഇന്റലിജൻസ്‌ എസ്.പി. എ. ഷാനവാസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

സുജിത് ദാസിനെ തത്‌സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും പകരംനിയമനം നൽകിയിട്ടില്ല. പോലീസ് മേധാവിക്കുമുന്നിൽ റിപ്പോർട്ടുചെയ്യാനാണ് നിർദേശം. വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 എസ്.പി. വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട എസ്.പി.യായി നിയമിച്ചു.

സ്വർണക്കടത്ത്, കൊലപാതകം, ഫോൺചോർത്തൽ, സോളാർ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് തുടർച്ചയായ ദിവസങ്ങളിൽ പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ചത്. ഇതിനുപിന്നാലെ കോട്ടയത്തെ പോലീസ് അസോസിയേഷൻ സമ്മേളനവേദിയിൽ വെച്ചുതന്നെ അജിത്കുമാറിനെതിരേ ഡി.ജി.പി. തലത്തിലുള്ള അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സമ്മേളനത്തിനുമുൻപേ പോലീസ് മേധാവി ഷേയ്ക്ക് ദർവേഷ്‌ സാഹേബും മുഖ്യമന്ത്രിയും തമ്മിൽ നാട്ടകം ഗസ്റ്റ്ഹൗസിൽവെച്ച് ചർച്ചയും നടന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരോപണവിധേയനായ എം.ആർ. അജിത്കുമാറിനെ ക്രമസമാധാനവിഭാഗത്തിൽനിന്നുമാറ്റി അന്വേഷണമുണ്ടാകുമെന്ന സൂചന വന്നുവെങ്കിലും പിന്നീട് അത് മാറി. ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്നതിനാലാണ് എ.ഡി.ജി.പി.ക്കുനേരേ പെട്ടെന്ന് നടപടിയുണ്ടാകാത്തതെന്നാണ് വിലയിരുത്തൽ.

ആദ്യദിവസത്തെ ആരോപണത്തിനുപിന്നാലെ എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇതിനിടെ വീണ്ടും പി.വി. അൻവർ ആരോപണങ്ങൾ ഉന്നയിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.ആർ. അജിത്കുമാർതന്നെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായാണ് വിവരം.

തിങ്കളാഴ്ച വൈകീട്ട് അടൂരിലെ കെ.എ.പി. മൂന്നാം ബറ്റാലിയനിൽ നടന്ന കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡിനിടെ പോലീസ് മേധാവിയും എം.ആർ. അജിത്കുമാറും ചർച്ചനടത്തുകയും ചെയ്തിരുന്നു.