ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ 17 വയസ്സുകാരന്റെ കുത്തേറ്റ് പ്രൈമറി സ്കൂളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികൾ മരിച്ചതിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങൾ ബ്രിട്ടനിലാകെ കത്തി പടരുകയാണ്. പ്രതി അനധികൃത കുടിയേറ്റക്കാരനാണെന്ന തെറ്റായ വിവരം സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിച്ചതാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാൻ ഇടയാക്കിയത്. ഇതേ തുടർന്ന് പ്രായത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പ്രതിയുടെ പേര് വിവരങ്ങൾ പരസ്യമാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

ലിവർപൂളിലെ അക്രമാസക്തമായ കലാപങ്ങളുടെ വീഡിയോയ്ക്ക് കീഴിൽ “ആഭ്യന്തര യുദ്ധം അനിവാര്യമാണ്” എന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത എലോൺ മസ്‌കിൻ്റെ അഭിപ്രായങ്ങളെ ഡൗണിംഗ് സ്ട്രീറ്റ് വിമർശിച്ചു. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട സന്ദേശങ്ങളും വീഡിയോകളുമാണ് കലാപം ഇത്രമാത്രം പടർന്നു പിടിക്കാൻ പ്രധാന കാരണം. മുതിർന്ന കാബിനറ്റ് മന്ത്രിമാർ, പോലീസ് മേധാവികൾ, നീതിന്യായ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഓൺലൈനിൽ പ്രകോപരമായ സന്ദേശങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി. ക്രിമിനൽ ഉള്ളടക്കം ഉള്ള സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള കടമ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഉണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇതിനിടെ ആക്രമത്തിനിരയായി പരുക്കു പറ്റിയവരിൽ ഒരു പെൺകുട്ടിയൊഴിച്ച് എല്ലാവരും ആശുപത്രി വിട്ടെന്ന് പോലീസ് അറിയിച്ചു. രാജ്യത്ത് ഉടനീളം നടക്കുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ മലയാളികളും കടുത്ത ആശങ്കയിലാണ്. ബെൽ ഫാസ്റ്റിൽ താമസിക്കുന്ന മലയാളി യുവാവ് കുടിയേറ്റ വിരുദ്ധ കലാപത്തിന് ഇരയായതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രാത്രി ജോലി കഴിഞ്ഞ് വരുന്ന വഴി അക്രമി സംഘം പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്ന് നിലത്തിട്ടു മർദിക്കുകയായിരുന്നു. കുറച്ച് ദിവസം മുൻപ് യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇത് ചോദ്യം ചെയ്തതിൻെറ വൈരാഗ്യത്തിലാണ് പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി അക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പരുക്കേറ്റ ഇദ്ദേഹം ചികിത്സ തേടിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഭൂരിഭാഗവും. സംഭവത്തിന് പിന്നാലെ പ്രശ്‌നം ഉള്ള മേഖലയിൽ താമസിക്കുന്ന മലയാളികൾ ജാഗ്രത പുലര്‍ത്തണമെന്ന നിർദ്ദേശം വിവിധ മലയാളി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.











Leave a Reply