ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടൻ എക്കാലത്തെയും നീണ്ട സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എത്തിയിരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. യുകെ വളരെ വെല്ലുവിളി നിറഞ്ഞ രണ്ടു വർഷങ്ങളെയാണ് അഭിമുഖീകരിക്കാൻ പോകുന്നതെന്നും 2025 ഓടെ തൊഴിലില്ലായ്മ ഇരട്ടിയാകും എന്നും ബാങ്ക് മുന്നറിയിപ്പ് നൽകി. പലിശ നിരക്കുകൾ 2.25 ശതമാനത്തിൽ നിന്നും 3 ശതമാനത്തിലേക്ക് ബാങ്ക് ഉയർത്തി. 1989 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് വർദ്ധനവാണ് ഇത്. ജീവിത ചെലവുകളുടെ വർദ്ധന ക്രമാതീതമായി വർദ്ധിക്കുന്നത് തടയുവാനാണ് ബാങ്ക് ഇൻട്രസ്റ്റ് റേറ്റുകൾ ഉയർത്തിയിരിക്കുന്നത്.
ഉക്രൈൻ യുദ്ധം മൂലം അവശ്യസാധനങ്ങളുടെ വില വർധനവ് ബ്രിട്ടനിലെ ഭവനങ്ങളെയാകെ വലച്ചിട്ടുണ്ട്. അടുപ്പിച്ച് രണ്ട് മൂന്നു- മാസ കാലാവധിയുള്ള ക്വാർട്ടറുകളിൽ സമ്പത്ത് വ്യവസ്ഥയിൽ വളർച്ച രേഖപ്പെടുത്താതെ വരുമ്പോഴാണ് സാമ്പത്തിക മാന്ദ്യമായി കണക്കാക്കുന്നത്. കമ്പനികൾ കുറച്ചു പണം സമ്പാദിക്കുന്നതും, ശമ്പളം കുറയുന്നതും തൊഴിലില്ലായ്മ വർദ്ധിക്കുന്നതും എല്ലാം സാമ്പത്തിക മാന്ദ്യത്തിന്റെ അനന്തരഫലങ്ങളാണ്. ഇതുമൂലം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു സേവനങ്ങളിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ പണം നികുതിയിനത്തിൽ സർക്കാരിന് ലഭ്യമാകാതെ വരുകയും ചെയ്യും.
ഈ വർഷം അവസാനത്തോടെ ബ്രിട്ടൻ പൂർണ്ണമായും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും എന്നാണ് ബാങ്ക് മുൻപ് വ്യക്തമാക്കിയിരുന്നത്. എന്നാൽ നിലവിൽ തന്നെ ബ്രിട്ടൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിയതായും, ഇത് അടുത്തവർഷം മുഴുവനും 2024 ന്റെ ആദ്യ ഭാഗങ്ങളിലും തുടരുമെന്നും ബാങ്ക് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക രംഗത്തെ സ്ഥിരപ്പെടുത്തുവാൻ ആവശ്യമായ നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യാനാവുന്നതെന്ന് ചാൻസലർ ജെറെമി ഹണ്ട് വ്യക്തമാക്കി. നവംബർ 17ന് പ്രഖ്യാപിക്കാൻ ഇരിക്കുന്ന മിനി ബഡ്ജറ്റും ഈ സാഹചര്യത്തിൽ കൂടുതൽ നിർണായകമാകും.
Leave a Reply