ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ഈ ദശാബ്ദത്തിൽ പ്രേക്ഷകനിലേക്ക് എത്തിയ മലയാളസിനിമകൾ എണ്ണിയാൽ തീരാത്തവ ആണെന്ന് പറയേണ്ടതില്ലല്ലോ.. എങ്കിലും അവയിൽ നിന്ന് ഞാൻ ഇഷ്ടപെടുന്ന, വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ പറഞ്ഞുവെക്കുന്നു. തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രം.

സിനിമ, നിരന്തരം മാറ്റങ്ങൾക്ക് വിധേയം ആയികൊണ്ടിരിക്കുന്നു. കഥ അവതരണത്തിലും രൂപത്തിലും എല്ലാം മാറ്റങ്ങൾ പരീക്ഷിച്ച മലയാള സിനിമ, ലോക സിനിമയ്ക്കു മുമ്പിലും ഇന്ന് അഭിമാനത്തോടെ നിലകൊള്ളുന്നു. ഈ പതിറ്റാണ്ട് മലയാളി പ്രേക്ഷകന് സമ്മാനിച്ച മികച്ച സിനിമകൾ ഇവിടെ പറയുന്നു. ഇതിലും മികച്ച വിജയം നേടിയ ചിത്രങ്ങൾ ഉണ്ടാകാം.. എങ്കിലും കലാമൂല്യവും തിയേറ്റർ വിജയവും അടിസ്ഥാനപ്പെടുത്തിയാണ് സിനിമകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

2010 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെന്റ് ഈ ദശാബ്ദത്തിന്റെ തുടക്കത്തിൽ മികച്ച വിജയം നേടിയ ചിത്രമാണ്. രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നുമായിരുന്നു. മലയാള സിനിമയെ മറ്റു ഭാഷകളിലേക്ക് കൊണ്ടുപോയ സിദ്ദിഖിന്റെ ദിലീപ് ചിത്രം ബോഡി ഗാർഡും മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടറും മലയാളി 2010ൽ ആസ്വദിച്ച മികച്ച ചിത്രങ്ങളാണ്.

2011ൽ എനിക്കിഷ്ടപ്പെട്ട മലയാള ചിത്രം ട്രാഫിക് ആണ്. വൻ താരനിര തന്നെ അണിനിരന്ന ട്രാഫിക്കിനൊപ്പം ഉറുമിയും ചാപ്പ കുരിശും സാൾട്ട് ആൻഡ് പെപ്പെറും 2011ലെ മികച്ച ചിത്രങ്ങളായി കണക്കാക്കാം. തിയേറ്ററിൽ വീണു പോയെങ്കിലും പിന്നീട് മികച്ച ചിത്രമായി ആളുകൾ വാഴ്ത്തിപ്പാടിയ പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡും ആ വർഷത്തിലെ ഇഷ്ടചിത്രമാണ്. 2012ൽ മലയാളികളുടെ മനം കവർന്ന രണ്ടുചിത്രങ്ങൾ ആയിരുന്നു ഉസ്താദ് ഹോട്ടലും പ്രിത്വിരാജിന്റെ ആയാളും ഞാനും തമ്മിലും. ഒപ്പം ആഷിഖ് അബുവിന്റെ 22 ഫീമെയിൽ കോട്ടയം നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീടാണ് ഈ പതിറ്റാണ്ടിലെ മികച്ച ചിത്രമായി വിലയിരുത്താവുന്ന ജിത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ദൃശ്യം കടന്നുവരുന്നത്. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം ഇന്ന് ചൈനീസ് സിനിമയിലും എത്തി നിൽക്കുന്നു. മലയാളികളുടെ അഭിമാന ചിത്രം… ഒപ്പം ജീത്തുവിന്റെ തന്നെ മെമ്മറീസും ക്രൈം ത്രില്ലർ വിഭാഗത്തിലെ മികച്ച ചിത്രമാണ്. അന്നയും റസൂലും, സെല്ലുലോയ്ഡ്, പുണ്യാളൻ അഗർബത്തീസ് എന്നിവ 2013ലെ മികച്ച ചിത്രങ്ങൾ ആവുമ്പോൾ ലിജോ ജോസിന്റെ ആമേൻ ആ വർഷത്തെ ഗംഭീര ചിത്രമായി പറയാം. മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവന്ന്, കറുത്ത ഹാസ്യവും മാജിക്കൽ റിയലിസവും ചേർത്ത് അവതരിപ്പിച്ച മനോഹര ചിത്രം. 2014ലെ മികച്ച ചിത്രമായി ബാംഗ്ലൂർ ഡേയ്‌സ്, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളെ തിരഞ്ഞെടുക്കാം. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളും ആ കൊല്ലത്തെ ഹിറ്റ്‌ ചിത്രങ്ങളാണ്.

പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ എന്നീ ചിത്രങ്ങൾ 2015ലെ ഹിറ്റ്‌ ചിത്രങ്ങൾ ആയപ്പോൾ ആ വർഷത്തെ മികച്ച ചിത്രമായി ഞാൻ വിലയിരുത്തുന്നത് സലിം അഹമ്മദിന്റെ പത്തേമാരിയാണ്. പ്രവാസിജീവിതം തുറന്നുകാട്ടിയ പച്ചയായ ചിത്രം. ഒപ്പം ചാർളിയും 2015ലെ മികച്ച ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം, പുലിമുരുഗൻ പുറത്തിറങ്ങിയത് 2016ലാണ്. എന്നാൽ 2016ലെ മികച്ച ചിത്രമായി പറയാവുന്നത് മഹേഷിന്റെ പ്രതികാരം തന്നെയാണ്. ഫഹദ് ഫാസിൽ കസറിയ ചിത്രം. കൂട്ടിന് ദിലീഷ് പോത്തന്റെ സംവിധാനവും. അതുപോലെ തന്നെ രാജീവ്‌ രവിയുടെ കമ്മട്ടിപ്പാടം. ഉഗ്രൻ ചിത്രമെന്ന് തന്നെ പറയാം. ആക്ഷൻ ഹീറോ ബിജു, ഗപ്പി എന്നീ ചിത്രങ്ങളും മലയാളികൾ കണ്ടാസ്വദിച്ച ചിത്രങ്ങളാണ്. ആഷിഖ് അബുവിന്റെ മായാനദി 2017ലെ ചിത്രമാണ്. പ്രണയകാവ്യം രചിച്ച ഗംഭീര ചിത്രം. സൗബിന്റെ പറവയാണ് ആ വർഷം ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. അതുപോലെ തന്നെ സുരാജും ഫഹദും മത്സരിച്ചഭിനയിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പുതുമുഖങ്ങൾ അണിനിരന്ന അങ്കമാലി ഡയറീസ്, ടേക് ഓഫ് എന്ന ചിത്രങ്ങളും 2017ലെ മലയാളിയുടെ ഇഷ്ടചിത്രങ്ങളായി മാറിയവയാണ്.

2018ലെ ഇഷ്ടചിത്രം പെല്ലിശേരിയുടെ ഈ. മ. യൗ തന്നെയാണ്. ഗംഭീര സിനിമ അനുഭവം. ഒപ്പം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രവും. രണ്ടു ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം. എബ്രിഡ് ഷൈന്റെ പൂമരം, കാർബൺ, അഞ്ജലി മേനോന്റെ കൂടെ, വരത്തൻ, ജോജുവിന്റെ മികച്ച പ്രകടനവുമായി ജോസഫ്, മാജിക്കൽ ഫാന്റസി ചിത്രം ഇബ്‌ലീസ് തുടങ്ങിയവയും 2018ലെ മികച്ച ചിത്രങ്ങളായി വിലയിരുത്താം.

അടുത്ത ദശാബ്ദത്തിന്റെ തുടക്കത്തിലും, 2020ൽ മലയാളിക്ക് പ്രതീക്ഷയോടെ കാത്തിരിക്കാവുന്ന ചിത്രങ്ങൾ ഒരുങ്ങുകയാണ്. കുഞ്ചാക്കോബോബന്റെ ത്രില്ലെർ അഞ്ചാം പാതിരാ, ഫഹദിന്റെ ട്രാൻസ്, ദുൽഖറിന്റെ കുറുപ്പ്, സക്കറിയയുടെ ഒരു ഹലാൽ ലവ് സ്റ്റോറി, സിദ്ധാർഥ് ഭരതന്റെ സൗബിൻ ചിത്രം ജിന്ന്, തല്ലുമാല, ബേസിൽ ജോസെഫിന്റെ മിന്നൽ മുരളി, ടിനു പാപ്പച്ചന്റെ അജഗജാന്തരം, തങ്കം, 2403 ഫീറ്റ്, പൃത്വിരാജിന്റെ കടുവ, മോഹൻലാൽ ചിത്രം മരക്കാർ, ബ്ലസി ചിത്രം ആടുജീവിതം, ഫഹദ് ചിത്രം മാലിക് തുടങ്ങിയവയൊക്കെ നമ്മൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. മലയാള സിനിമ വളർച്ചയുടെ പാതയിൽ തന്നെ മുന്നോട്ട് കുതിക്കട്ടെ എന്ന് ഓരോ സിനിമ പ്രേമിക്കും പ്രത്യാശിക്കാം….