പിറന്നുവീണ് മൂന്നുമണിക്കൂര്‍ തികഞ്ഞിട്ടുണ്ടായിരുന്നില്ല ആ പിഞ്ചുകുഞ്ഞിന്. പൊക്കിള്‍ക്കൊടി പോലുമുണ്ടായിരുന്നെന്ന് പറയുന്നു, കണ്ടു നിന്നവര്‍. പക്ഷേ കണ്ണ് തുറന്ന് ഈ ലോകത്തെ കാണുന്നതിന് മുന്‍പേ ആ കുഞ്ഞ് റോഡിലേക്ക് വലിച്ചെറിയപ്പെട്ടു. അവന്റെ പിഞ്ചുമേനി റോഡിലേക്ക് വീണ ആഘാതത്തില്‍ ചിതറിത്തെറിച്ചുപോയി.

വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചുമണിയോടെ ശുചിമുറിയില്‍ പിറന്നുവീണപ്പോള്‍ അവന് ഒന്നുകരയാനെങ്കിലും കഴിഞ്ഞിട്ടുണ്ടാവുമോയെന്നാണ് കൊച്ചിയിലെ നടുക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പോലീസും നാട്ടുകാരും ഒരുപോലെ ചോദിക്കുന്നത്. കേരളം നടുങ്ങിയ, ഇനിയൊരിക്കലും കേള്‍ക്കരുതേ എന്നാഗ്രഹിക്കുന്ന അതിദാരുണ കൊലപാതകമായിരുന്നു കൊച്ചിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്നത്.

രാവിലെ എട്ടരയോടെ ഫ്‌ലാറ്റിന് സമീപത്തെ റോഡിലൂടെ പോയ ഒരു വാഹനത്തിന്റെ ഡ്രൈവറാണ് കുറിയര്‍ കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

കുഞ്ഞിന്റെ കഴുത്തില്‍ ഒരു തുണിചുറ്റിയിരിക്കുന്നു. അനക്കമറ്റ ശരീരം ചിതറിത്തെറിച്ചിരിക്കുന്നു. കണ്ടവരാരും മറക്കില്ല ആ രംഗം. എത്രയോ ഉയരത്തില്‍നിന്നാണ് മാലിന്യക്കെട്ടുപോലെ ഒരു ജീവന്‍ റോഡിലേക്ക് വീണ് ഇല്ലാതായത്. റോഡില്‍ വീണപ്പോഴാണോ അതോ ശുചിമുറിയില്‍ പിറന്നുവീണപ്പോഴാണോ കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് പറായാനായിട്ടില്ല. എന്നാലും അമ്മയാണ് ആ കുഞ്ഞിന്റെ ജീവനെടുത്തതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അത് അവര്‍ സമ്മതിച്ചെങ്കിലും പീഡനത്തിന് ഇരയായ അതിജീവിതയാണ് യുവതിയെന്നും പോലീസ് പറയുന്നു. നടന്നത് കൊടും ക്രൂരതയെങ്കിലും ചെയ്യിച്ചത് പേടിയോ നിസ്സഹായതയോ എന്നുപറയാനാവാത്ത അവസ്ഥ.

ബെംഗളൂരുവില്‍ എം.ബി.എ. വിദ്യാര്‍ഥിനിയായിരുന്നു അതിജീവിതയെന്നാണ് പോലീസും ജനപ്രതിനിധികളും നല്‍കുന്ന വിവരം. ഇവിടെനിന്ന് രണ്ടോ മൂന്നോ മാസമേ ആയിട്ടുള്ളൂ നാട്ടിലേക്കെത്തിയിട്ടെന്നാണ് സ്ഥലത്തെ കൗണ്‍സിലര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ പറയുന്നത്. ഗര്‍ഭിണിയാണെന്നറിഞ്ഞ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നതാണോ, അതല്ല പഠനം പൂര്‍ത്തിയാക്കി വന്നതാണോയെന്നത് സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സി.സി.ടി.വി. ദൃശ്യങ്ങളുണ്ടായിരുന്നുവെങ്കിലും ആദ്യ ഘട്ടത്തില്‍ ഏത് ഫ്ളാറ്റില്‍ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ടായിരുന്നില്ല. കുഞ്ഞിനെ പുറത്തേക്കെറിയാന്‍ ഉപയോഗിച്ച കുറിയര്‍ കവറാണ് പോലീസിന് സഹായകമായത്. ആമസോണ്‍ കവറില്‍ രേഖപ്പെടുത്തിയ ബാര്‍കോഡ് ട്രാക്ക് ചെയ്ത് പോലീസ് മുന്നോട്ടുപോയതോടെ അതിജീവിതയിലേക്ക് പെട്ടെന്നെത്താന്‍ കഴിഞ്ഞു.

യുവതി അതിജീവിതയാണെന്ന് അറിഞ്ഞതോടെ നവജാതശിശുവിന്റെ കൊലപാതകത്തിനപ്പുറം പീഡനക്കേസ് കൂടി അന്വേഷിക്കേണ്ട വിധത്തില്‍ അന്വേഷണ വഴി സങ്കീര്‍ണമാവുകയും ചെയ്തു. സ്വന്തം മകള്‍ ഗര്‍ഭിണിയാണെന്ന് അറിയാതെ പോയ രക്ഷാകര്‍ത്താക്കളുടെ നിസ്സഹായവസ്ഥയും ഇന്ന് പോലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. വസ്ത്രധാരണത്തിലൂടേയും മറ്റും ഒരു പരിധിവരെ ഗര്‍ഭാവസ്ഥയെ പ്രത്യക്ഷത്തില്‍ മറച്ചുവെയ്ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അച്ഛനും അമ്മയും മകളും മാത്രമുള്ള വീട്ടില്‍ അത് എത്രത്തോളം പ്രായോഗികമാകും എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഗര്‍ഭാവസ്ഥയെ എത്രത്തോളം മറച്ചുവെക്കാന്‍ ശ്രമിച്ചാലും ശാരീരികമായ മാറ്റങ്ങള്‍ ഏറ്റവും കുറഞ്ഞത് രക്ഷിതാക്കള്‍ക്കെങ്കിലും മനസ്സിലാവേണ്ടതാണെന്ന് പറയുന്നു ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും. അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് അറിയാമായിരുന്നില്ലെന്ന രക്ഷിതാക്കളുടെ വാദത്തെ പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടുമില്ല.

കൊച്ചിയില്‍ സ്വന്തമായി മറ്റൊരു വീടുള്ള കുടുംബം വര്‍ഷങ്ങളായി സംഭവം നടന്ന ഫ്ളാറ്റിലും താമസിക്കുന്നുണ്ട്. ബിസിനസ് ആവശ്യത്തിനായി പിതാവ് എറണാകുളത്തേക്ക് പോവുമ്പോള്‍ അമ്മയും മകളും മാത്രമായിരിക്കും വീട്ടിലുണ്ടാവുകയെന്നും നാട്ടുകാര്‍ പറയുന്നു. പീഡനത്തിനപ്പുറം കുട്ടിയുടെ സൗഹൃദങ്ങള്‍, ബെംഗളൂരുവിലെ മറ്റ് ബന്ധങ്ങള്‍, ഏതെങ്കിലും തരത്തില്‍ ലഹരിയുടെയോ മറ്റോ കെണിയില്‍പെട്ടോ ഇങ്ങനെ പലവിധ വിഷയങ്ങളാണ് പോലീസിന് മുന്നിലുള്ളത്.