സ്വന്തം ലേഖകൻ 

നോർത്താംപ്ടൺ : നോർത്താംപ്ടണിലെ പ്രമുഖ മലയാളി റെസ്റ്റോറന്റായ കേരള ഹട്ട് ഒരുക്കുന്ന സ്വാദിഷ്‌ഠമായ ഫ്രീ ഫുഡ് ഫെസ്റ്റിവൽ ആസ്വദിക്കുവാനും , വാശിയേറിയ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . യുകെയിലെ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയും ഗ്ലോബൽ പ്രീമിയർ ലീഗും ചേർന്നാണ് ഈ ക്രിക്കറ്റ്‌ മാമാങ്കം ആ​ഗസ്ത് 20ന് നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ്ബിൽ ഒരുക്കുന്നത് . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എട്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകൾ ജി പി ഐൽ ക്രിക്കറ്റ് മാമാങ്കത്തിനായി രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.

യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ  GPL  എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്  എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.

നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളികളുടെ ഇഷ്‌ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും  ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു .