37 വയസ്സുള്ള ബ്രിട്ടീഷ് പൗരയായ കാറ്റി ഡോനെഗൻ ജോലിയിൽ നിന്നും വിരമിച്ചത് 35-ാം വയസിൽ ആണ്. അതും ഒരു മില്യൺ പൗണ്ട് (10 കോടി രൂപയിലധികം) സമ്പാദ്യവുമായി. ഇത്ര ചെറു പ്രായത്തിൽ തന്നെ കോടിപതിയായത് എങ്ങനെയെന്ന് കാറ്റി ഡോനെഗൻ വിവരിക്കുന്നുണ്ട്. താൻ ഇപ്പോഴും സൂക്ഷിച്ചു മാത്രമാണ് പണം ചിലവിടാറുള്ളത് എന്ന് കാറ്റി പറയുന്നു. കാറ്റി തന്റെ പോക്കറ്റ് മണി ചെലവഴിക്കുന്നതിന് പകരം ചെറുപ്പത്തിൽ തന്നെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. 18-ാം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പഠനം ഉപേക്ഷിച്ചു. തുടർന്ന് കോസ്റ്റാറിക്കയിലേക്ക് ഒരു യാത്ര നടത്തുകയും ചെയ്തു. കാറ്റിക്ക് ആ യാത്രയിൽ പങ്കാളിയായ അലനെ കണ്ടുമുട്ടി. ഇരുവരും പ്രണയത്തിലായാണ് യുകെയിലേക്ക് മടങ്ങിയത്.

തിരിച്ചെത്തിയ കാറ്റി പണം ലാഭിക്കാൻ മാതാപിതാക്കൾക്കൊപ്പം താമസിച്ചു (യൂറോപ്യൻ രാജ്യങ്ങളിൽ മക്കൾ കൗമാരപ്രായം ആവുമ്പോഴേക്കും മാറി താമസിക്കും). കാറ്റി 2008 ൽ ബിരുദം നേടി. പിന്നീട് ഹാംഷെയറിലെ അലന്റെ അമ്മയുടെ അടുത്തേക്ക് താമസം മാറ്റി. ഈ സമയമൊക്കെയും സമ്പാദിച്ച പണം വളരെ കുറച്ച് മാത്രം ചിലവഴിക്കാൻ അവർ ശ്രദ്ധിച്ചു. അലൻ ഒരു വേരിയബിൾ വരുമാനത്തിൽ സ്വയം തൊഴിൽ ചെയ്ത് തുടങ്ങി. കാറ്റി ഒരു ആക്ച്വറിയായി ജോലി നോക്കി. 28,500 പൗണ്ട് ആണ് ഇരുവരും സമ്പാദിച്ചത് (29 ലക്ഷം രൂപ). ഇരുവരും 2013 ജൂലൈയിൽ വിവാഹിതരായി. അതിനിടെ പ്രമോഷൻ ലഭിച്ചു. ഇരുവരുടെയും വരുമാനം 2014ൽ 58,000 പൗണ്ട് ( 58 ലക്ഷം രൂപ) ആയി വർദ്ധിച്ചു.പണം സമ്പാദിക്കാൻ ഓഹരി വിപണിയെപ്പറ്റി പഠിക്കുകയും ചെയ്‌തു. ഈ ദമ്പതികൾക്ക് പ്രചോദനം നൽകിയത് ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ എർലി (FIRE) എന്ന ഒരു പ്രസ്ഥാനമാണ്. ഓഹരികളിൽ നിക്ഷേപിച്ചതോടെ വരുമാനം വീണ്ടും വർധിക്കാൻ ആരംഭിച്ചു. ഇപ്പോൾ പ്രതിവർഷം 65,000 പൗണ്ട് ആണ് സമ്പാദ്യം, അതായത് 65 ലക്ഷം രൂപ. ഓഹരികളിലൂടെ പ്രതിമാസം വരുമാനം ലഭിക്കുന്നതുകൊണ്ട് ജോലിയിൽ നിന്നും വിരമിച്ച കാറ്റി ഇപ്പോൾ ഒരു സഞ്ചാരിയാണ്.