ബ്രാംപ്റ്റൺ/ആലപ്പുഴ:ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞു. തിരുവോണ ദിനത്തിൽ കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് 11-ാംമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരം സമാപിച്ചു.
പുരുഷൻമാരുടെ വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ചുണ്ടൻ ഒന്നാം സ്ഥാനവും അനന്തപുരി ചുണ്ടൻ രണ്ടാം സ്ഥാനത്തും എത്തി. വനിത വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ജലറാണി ഒന്നാം സ്ഥാനത്തും കനേഡിയൻ ലയൺസ് രണ്ടാം സ്ഥാനത്തും എത്തിയതായി ബ്രാംപ്റ്റൺ മലയാളി സമാജം പ്രസിഡൻ്റും കനേഡിയൻ നെഹ്റു ട്രോഫി സമിതി ചെയർമാൻ കൂടിയായ കുര്യൻ പ്രക്കാനം പറഞ്ഞു. ജലരാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുമ്പോഴും ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവ കാലം കേരളത്തിൽ കടന്നു പോകുമ്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം കാണികൾക്ക് ആവേശം പകർന്നതായും ഇരുപതിലധികം ടീമുകൾ പങ്കെടുത്തതായും ഓവർസീസ് മീഡിയ ടീം ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.
രാവിലെ 10ന് കനേഡിയൻ നെഹ്റു ട്രോഫി സമിതി ജലോത്സവ ചെയർമാൻ കുര്യൻ പ്രക്കാനം ഇന്ത്യയുടെ ദേശിയ പതാക ജലോത്സവ വേദിയിൽ ഉയർത്തിയതോടെ ഒന്റേരിയോയിലെ പ്രൊഫസേഴ്‌സ് ലെയിക്കിൽ മത്സരത്തിന് തുടക്കമായി, ഒരു ഉത്സവ പ്രതിച്ഛായ പകർന്നു. ബ്രാംപ്റ്റൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിലാരംഭിച്ച ‘ദി ബ്രാംപ്റ്റൺ ബോട്ട് റേസ്‘ ഏതൊരു പ്രവാസി മലയാളിക്കും സ്വന്തം നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചോർത്ത് അഭിമാനം തോന്നുമാറ് പ്രൗഢോജ്വലമായിരുന്നു. വിവിധ കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്ന കനേഡിയൻ, അമേരിക്കൻ ടീമുകൾ വരെ മത്സരത്തിൽ അണിനിരന്നു.പ്രവാസി മലയാളി ലോകത്തു തന്നെ നടന്ന ഏറ്റവും വലിയ മത്സരമായി തീർന്നിരിക്കുന്നു. ലോക കേരള സഭാംഗമായ കുര്യൻ പ്രക്കാനമാണ് ബ്രാംപ്ടൻ ബോട്ട് റേസിൻ്റെ സ്ഥാപക പ്രസിഡന്റ്. കുര്യൻ പ്രക്കാനം, ഗോപകുമാര്‍ നായര്‍,സണ്ണി കുന്നംപള്ളി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മിറ്റി നേതൃത്വം നല്കി.
മന്ത്രി സർക്കാരിയ എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമൽ കേര, എംപിപി അമർ ജോത്ത് സന്ദു,മേയർ പാട്രിക്ക് ബ്രൗൺ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
ജലോത്സവത്തിന് മുന്നോടിയായി പത്മശ്രീ എം.എ യൂസഫലി വിർച്ച്വൽ ഫ്ലാഗ് ചെയ്ത പതാക ദുബൈയിൽ നിന്നും എത്തിച്ച് പതാക പ്രയാണവും നടന്നു.
Leave a Reply