കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച്‌ നടന്‍ ദിലീപിനെതിരേ രജിസ്‌റ്റര്‍ ചെയ്‌ത പുതിയ എഫ്‌.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്‌. വധഭീഷണി മുഴക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരമാണു ക്രൈംബ്രാഞ്ച്‌ തിരുവനന്തപുരം യൂണിറ്റ്‌ കേസെടുത്തത്‌. ഡിവൈ.എസ്‌.പി. ബൈജു പൗലോസാണു പരാതിക്കാരന്‍. അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കുമെന്നു പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന്‌ എഫ്‌.ഐ.ആറില്‍ പറയുന്നു. അന്ന്‌ എസ്‌.പിയായിരുന്ന എ.വി. ജോര്‍ജിന്റെ ദൃശ്യങ്ങള്‍ യു ട്യൂബില്‍ കണ്ട ദിലീപ്‌ വധഭീഷണി മുഴക്കിയെന്നും തന്റെ ദേഹത്തു കൈ വച്ച എസ്‌.പി. സുദര്‍ശന്റെ കൈ വെട്ടുമെന്നു ദിലീപ്‌ പറഞ്ഞതായും എഫ്‌.ഐ.ആറിലുണ്ട്‌. പോലീസ്‌ ഉദ്യോഗസ്‌ഥരായ ബി. സന്ധ്യ, സോജന്‍, സുദര്‍ശന്‍, ബൈജു, എ.വി. ജോര്‍ജ്‌ എന്നിവര്‍ക്കെതിരേ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും എഫ്‌.ഐ.ആര്‍. വ്യക്‌തമാക്കുന്നു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയാണു കേസിനാധാരം.

” ഒന്നാം പ്രതിയെ (ദിലീപ്‌) നെടുമ്പാശേരി പി.എസ്‌. കം. 297/2017 നമ്പര്‍ കേസിലെ 8-ാം നമ്പര്‍ പ്രതിയാക്കി അറസ്‌റ്റ്‌ ചെയ്‌തു നിയമനടപടികള്‍ക്കു വിധേയനാക്കിയതിന്റെ വിരോധത്താല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥനായ ആവലാതിക്കാരനെയും (ബിജു പൗലോസ്‌) കേസില്‍ മേല്‍നോട്ടം വഹിച്ച മറ്റു മേലുദ്യോഗസ്‌ഥരെയും അപായപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ ചേര്‍ന്ന്‌ 2017 നവംബര്‍ 15-ന്‌ ആലുവ കൊട്ടാരക്കടവിലുള്ള ഒന്നാം പ്രതിയുടെ പത്മസരോവരം വീട്ടിലെ ഹാളില്‍ വച്ചു ക്രിമിനല്‍ ഗൂഢാലോചന നടത്തി.

കേസില്‍ മാധ്യമങ്ങളോടു സംസാരിക്കുന്ന എസ്‌.പി: എ.വി. ജോര്‍ജിന്റെ വീഡിയോ യൂടൂബില്‍ ഫ്രീസ്‌ ചെയ്‌തു വച്ചു ദൃശ്യങ്ങളില്‍ ജോര്‍ജിനു നേരെ ഒന്നാം പ്രതി കൈചൂണ്ടി നിങ്ങള്‍ അഞ്ച്‌ ഉദ്യോഗസ്‌ഥര്‍ അനുഭവിക്കാന്‍ പോവുകയാണ്‌. സോജന്‍, സുദര്‍ശന്‍, സന്ധ്യ, ബൈജു പൗലോസ്‌, പിന്നെ നീ. പിന്നെ ഇതില്‍ എന്റെ ദേഹത്ത്‌ കൈവച്ച സുദര്‍ശന്റെ കൈവെട്ടണം എന്ന്‌ ഒന്നാം പ്രതി പറയുന്നതും ബൈജു പൗലോസിനെ നാളെ പോകുമ്പോള്‍ ഏതെങ്കിലും വല്ല ട്രക്കോ അല്ലെങ്കില്‍ വല്ല ലോറിയോ വന്ന്‌ സൈഡിലിടിച്ചാല്‍… ഒന്നരക്കോടി നോക്കേണ്ടിവരും അല്ലേ എന്ന്‌ മൂന്നാം പ്രതി പറഞ്ഞും 1 മുതല്‍ 6 വരെ പ്രതികള്‍ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കുന്നതും ബാലചന്ദ്രകുമാര്‍ എന്നയാള്‍ നേരിട്ട്‌ കാണാനും കേള്‍ക്കാനും ഇടയാക്കി പ്രതികള്‍ മേല്‍ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്‌തിരിക്കുന്നുവെന്നുള്ളത്‌”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ മൊഴിയെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്രകുമാര്‍ കൈമാറിയിട്ടുണ്ട്‌. ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്‌ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാന്‍ തടസമില്ലെന്നാണു ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്‌.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം വിചാരണകോടതിയെ സമീപിക്കാനിരിക്കെ അദ്ദേഹത്തിന്റെ അഭിഭാഷകനു കോവിഡ്‌. ഇന്നലെയാണു സീനിയര്‍ അഭിഭാഷകന്‍ അഡ്വ. കെ. രാമന്‍പിള്ളയ്‌ക്കും രണ്ടു ജൂനിയര്‍ അഭിഭാഷകര്‍ക്കും കോവിഡ്‌ സ്‌ഥിരീകരിച്ചത്‌. ഈയാഴ്‌ച ദിലീപിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകവുമാണ്‌. തുടക്കം മുതല്‍ രാമന്‍പിള്ളയാണു ദിലീപിന്റെ അഭിഭാഷകന്‍.