ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കേരളത്തില്‍ മഴ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും മ്യാന്മാറിന് മുകളിലുമായി രണ്ട് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് വീണ്ടും മഴ മുന്നറിയിപ്പിന് കാരണം.
ഈ രണ്ട് ചക്രവാതച്ചുഴികളുടെയും സ്വാധീനത്തില്‍ നാളെയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിന് മുകളില്‍ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യയുണ്ടെന്നും ഇത് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നുവെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
കേരളത്തില്‍ നേരിയ, ഇടത്തരം മഴ അടുത്ത ഏഴ് ദിവസം തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മറ്റന്നാള്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Leave a Reply