നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് സ്ഥലം വിട്ടുനല്‍കില്ലെന്ന് പരാതിക്കാരിയും അയല്‍വാസിയുമായ വസന്ത.

‘ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരേയും ദ്രോഹിച്ചിട്ടില്ല, പിടിച്ചുപറിച്ചിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും. എന്റെ വസ്തുവല്ലെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. അത് എന്റേതാണെന്ന് തെളിയിക്കണം. വേറെ ഏത് പാവങ്ങള്‍ക്ക് വേണമെങ്കിലും വസ്തു കൊടുക്കാം. ഇവര്‍ക്ക് കൊടുക്കണമെങ്കില്‍ എന്നെ കൊല്ലേണ്ടി വരും. നിയമത്തിന്റെ മുന്നില്‍ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കില്‍ വസ്തു ഏറ്റെടുക്കാം. കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും വസ്തു വിട്ടുനല്‍കില്ല’ വേണമെങ്കില്‍ അറസ്റ്റ് വരിക്കാനും ജയിലില്‍ കിടക്കാനും തയ്യാറാണെന്നും വസന്ത പറഞ്ഞു.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായ പൊള്ളലേറ്റ രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പരാതിക്കാരിയായ വസന്തയ്‌ക്കെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനിടെ, ചൊവ്വാഴ്ച ഉച്ചയോടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ഇളയമകന്‍ രഞ്ജിത്ത് മന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വീടുവെച്ച് നല്‍കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കി. എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സംരക്ഷണമടക്കമുള്ളവ ഇനി സര്‍ക്കാര്‍ നോക്കും. മുഖ്യമന്ത്രി ഇതിനുള്ള നിര്‍ദേശവും ജില്ലാഭരണ കൂടത്തിന് നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കും. പോലീസ് നടപടിയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും.