കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് ഉള്ള വോട്ടെടുപ്പ് ഇന്നലെ അവസാനിച്ചു. ഇന്നലെ വൈകിട്ട് 5 മണി വരെയായിരുന്നു വോട്ടിംഗ് സമയം. മുൻ പ്രധാനമന്ത്രി ഋഷി സുനകിന് പകരം കൺസർവേറ്റീവ് പാർട്ടിയെ ആര് നയിക്കും എന്ന് ശനിയാഴ്ച രാവിലെ പ്രഖ്യാപിക്കും.
4 മാസത്തോളം നീണ്ട മാരത്തോൺ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്നലെ അവസാനിച്ചത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലെ പരാജയമാണ് ഋഷി സുനകിന് പാർട്ടി നേതൃസ്ഥാനം തെറിക്കുന്നതിന് കാരണമായത്. നേതൃസ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ തുടക്കത്തിലുണ്ടായിരുന്ന സ്ഥാനാർത്ഥികൾ പുറത്തായതിനെ തുടർന്ന് മുൻ ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്കും മുൻ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക്കും ആയിരുന്നു തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വരെ എത്തിയത്.
ആര് നേതൃസ്ഥാനത്തേയ്ക്ക് എത്തും എന്നത് കൺസർവേറ്റീവ് പാർട്ടിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത്. 24 ശതമാനത്തിൽ താഴെ വോട്ടുകളോടെ 121 സീറ്റുകളിൽ മാത്രമേ കൺസർവേറ്റീവ് പാർട്ടിക്ക് വിജയിക്കാനായുള്ളൂ.
Leave a Reply