ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതിന് പേരുക്കേട്ട നാടായ ചൈനയിലെ ആദ്യത്തെ അത്ഭുതമാണ് വന്‍ മതില്‍. ഇപ്പോഴിതാ മറ്റൊരു അത്ഭുതപ്പെടുത്തുന്ന കാഴ്ചയുമായി ചൈന വീണ്ടും രംഗത്ത്. ഇത്തവണ ഒരു ഗ്ലാസ് പാലമാണ്. നിരവധി ഗ്ലാസ്‌ പാലങ്ങൾ ചൈനയിൽ ഉണ്ടെങ്കിലും ഇതിനൊരു പ്രത്യേകതയുണ്ട്. വളഞ്ഞിരിക്കുന്ന, രണ്ട് നിലകളുള്ള പാലം. ആളുകൾക്ക് മുകളിലൂടെയും നടക്കാൻ കഴിയും. 328 അടി നീളമുള്ള (100 മീറ്റർ) റൂയി പാലം ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഷെൻ‌സിയാഞ്ചു താഴ്‌വരയിലാണ് നിർമിച്ചിരിക്കുന്നത്. ചിത്രങ്ങളും വിഡിയോകളും സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാലത്തിന്റെ ഘടനയും രൂപവും പേടിപ്പെടുത്തുന്നതാണെന്ന് ഒട്ടേറെ ആളുകൾ അഭിപ്രായപ്പെട്ടു. മലയിടുക്കിൽ നിന്ന് 459 അടി (140 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാലം വ്യാജമാണെന്ന വാദവുമായി പലരും രംഗത്തെത്തി.

2008 ലെ ഒളിമ്പിക്‌സിനായി ബീജിംഗിന്റെ ബേർഡ് നെസ്റ്റ് സ്റ്റേഡിയത്തിന്റെ രൂപകൽപ്പനയിൽ പങ്കാളിയായ സ്റ്റീൽ ഘടന വിദഗ്ദ്ധനായ ഹെ യുൻചാങ്ങാണ് പാലം രൂപകൽപ്പന ചെയ്തത്. യഥാർത്ഥത്തിൽ മൂന്ന് പാലങ്ങൾ ഉൾക്കൊള്ളുന്നതുപോലെയാണ് രൂപകല്പന. ഏറ്റവും അടിഭാഗം പൂർണമായും ഗ്ലാസ്സിലാണ് നിർമിച്ചിരിക്കുന്നത്. മുകളിലെ നടപ്പാത താഴേക്ക് വളഞ്ഞിരിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ തുറന്നതിന് ശേഷം 200,000 ൽ അധികം ആളുകൾ പാലം സന്ദർശിച്ചിട്ടുണ്ട്. ഇത് പ്രദേശത്തെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായി മാറി.

രണ്ട് പാറക്കൂട്ടങ്ങൾക്കിടയിൽ 755 അടി ഉയരത്തിൽ തൂങ്ങിക്കിടക്കുന്ന ഹോംഗ്യാഗു സിനിക് ഏരിയയിലെ പാലം, 99 ഗ്ലാസ് പാനലുകൾ കൊണ്ട് നിർമിച്ച, 430 മീറ്റർ നീളമുള്ള ഴാങ്‌ജിയാജി ഗ്ലാസ് പാലം, ഒരു നദിക്കു കുറുകെ നിർമിച്ചിരിക്കുന്ന ഷാപോടോ സസ്പെൻഷൻ ബ്രിഡ്ജ്, ഹൈനാൻ പ്രവിശ്യയിലെ യാലോംഗ് ബേ ട്രോപ്പിക്കൽ പാരഡൈസ് ഫോറസ്റ്റ് പാർക്കിലെ കുന്നുകൾക്ക് മുകളിൽ നിർമിച്ചിരിക്കുന്ന ഗ്ലാസ് പാലം എന്നിവ ചൈനയിലെ ഏറ്റവും വലുതും പേടിപ്പെടുത്തുന്നതുമായ ഗ്ലാസ് പാലങ്ങളാണ്.