ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം തകർത്ത വെഡിങ് പ്ലാനറിനെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദമ്പതികളായ ജെയ്‌സൻ തോർപ്പും നിക്കിയും. ഇവരിൽനിന്ന് വിവാഹ ആവശ്യങ്ങൾക്കായി 2000 പൗണ്ട് ആണ് വെഡിങ് പ്ലാനർ വാങ്ങിയത്. എന്നാൽ വിവാഹത്തിന് രണ്ടു ദിവസങ്ങൾക്കു മുൻപ് ഈ പണവുമായി വെഡിങ് പ്ലാനർ കടന്നു കളഞ്ഞു. നോർത്ത് യോർക്ക്ക്ഷെയറിൽ നിന്നുള്ള ഈ ദമ്പതികൾ തങ്ങളുടെ വിവാഹത്തിന് നൂറോളംപേർക്ക് റിസപ്ഷൻ നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. 2019 ജൂലൈ 27 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ പണം വാങ്ങിയ ഡാനാ ട്വിഡെയിൽ എന്ന വെഡിങ് പ്ലാനർ പണവുമായി മുങ്ങുകയായിരുന്നു.

  പീഡന പരാതി ഒതുക്കാൻ ശ്രമം, മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയുമായി പെൺകുട്ടിയുടെ പിതാവ്

ഫേസ്ബുക്കിൽ കണ്ട പരസ്യത്തിലൂടെയാണ് ഇവരെ പരിചയപ്പെടുന്നത് എന്ന് ദമ്പതികൾ വ്യക്തമാക്കി. നിരവധിപേർ നല്ല അഭിപ്രായങ്ങൾ ആയിരുന്നു ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിരുന്നത്. ഡാനയും വളരെ നല്ല രീതിയിൽ തന്നെയാണ് തങ്ങളോട് ഇടപെട്ടത്. മുൻകൂട്ടി തന്നെ ഇവർക്ക് പണം നൽകിയിരുന്നുവെങ്കിലും, പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല എന്ന് ദമ്പതികൾ പറഞ്ഞു. പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ വളരെ വേഗത്തിൽ തങ്ങളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തങ്ങൾക്ക് ചെയ്യേണ്ടി വന്നുവെന്ന് ദമ്പതികൾ വെളിപ്പെടുത്തുന്നു. മൂവായിരത്തോളം പൗണ്ട് അധിക തുകയാണ് ഇതിനായി ദമ്പതികൾക്ക് ചിലവാക്കേണ്ടി വന്നത്. ഇത്തരത്തിൽ 26 ഓളം തട്ടിപ്പുകളാണ് ഡാനാ നടത്തിയിരിക്കുന്നതെന്ന് പോലീസ് അധികൃതർ വെളിപ്പെടുത്തുന്നു. അറസ്റ്റിലായ ഇവർക്കെതിരെയുള്ള കോടതി വിധി അടുത്തവർഷം ഉണ്ടാകും.