അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ അലാസ്‌കയില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചര്‍ച്ചയിലെ ധാരണകളെ കുറിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വോളൊഡിമിര്‍ സെലന്‍സ്‌കിയുമായും നാറ്റോ രാജ്യങ്ങളുമായും സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ധാരണകള്‍ എന്തെല്ലാമാണെന്ന കാര്യത്തില്‍ ഇരുവരും വ്യക്തത നല്‍കിയിട്ടില്ല.

ഉക്രെയ്ന്‍ സഹോദര രാജ്യമാണെന്നുമായിരുന്നു പുടിന്റെ പ്രതികരണം. എന്നാല്‍ വിഷയത്തില്‍ റഷ്യക്ക് പല ആശങ്കകള്‍ ഉണ്ടെന്നും അദേഹം പറഞ്ഞു. സമാധാന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് പറഞ്ഞ പുടിന്‍ ചര്‍ച്ച തുടരുമെന്നും വ്യക്തമാക്കി. ചര്‍ച്ചയിലെ പുരോഗതിയെ ഇല്ലാതാക്കും വിധത്തിലുള്ള നീക്കങ്ങള്‍ക്ക് ഉക്രെയ്‌നോ യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുത്. ഉക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്ക പരിഹരിക്കപ്പെടണം. അതില്‍ ഒന്ന് സെലന്‍സ്‌കി സര്‍ക്കാരാണെന്നും പുടിന്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നര വര്‍ഷമായി തുടരുന്ന ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി അലാസ്‌കയില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു. അടുത്ത ചര്‍ച്ച മോസ്‌കോയിലാകാമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു. ആറ് വര്‍ഷത്തിന് ശേഷമാണ് പുടിനും ട്രംപും നേരിട്ട് കാണുന്നത് എന്ന പ്രത്യേകതയും ഈ ചര്‍ച്ചയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഉച്ചകോടിയിലേക്ക് സെലന്‍സ്‌കിയെ ക്ഷണിക്കാതിരുന്നതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.

അതേസമയം ഉച്ചകോടിയ്ക്ക് ശേഷവും ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വ്‌ളാഡിമിര്‍ പുടിന്‍ സമ്മതിച്ചില്ലെങ്കില്‍ റഷ്യ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെലന്‍സ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ട്രംപിനോട് സംസാരിച്ചിരുന്നു. വെടിനിര്‍ത്തല്‍ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലന്‍സ്‌കി, റഷ്യയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഉക്രെയ്ന്‍ പ്രദേശത്തെ കൈക്കലാക്കുന്നതിനുള്ള സമ്മര്‍ദ്ദം റഷ്യ ചെലുത്തുമെന്നും വെടിനിര്‍ത്തലിന് റഷ്യ തയ്യാറായില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമെന്നും ട്രംപുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.