ലണ്ടന്‍: യുകെയില്‍ ഡീസല്‍ കാറുകള്‍ക്ക് വില കുറയുന്നു. സെക്കന്‍ഡ് ഹാന്‍ഡ് ഡീസല്‍ കാറുകളുടെ വിലയില്‍ എട്ടു മാസങ്ങള്‍ക്കിടെ 26 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. പുതിയ ഡീസല്‍ മോഡലുകള്‍ക്ക് ഈ വര്‍ഷം തുടക്കത്തിലേതിനേക്കാള്‍ 21 ശതമാനം വില കുറഞ്ഞിട്ടുണ്ട്. ഉയര്‍ന്ന നികുതികള്‍, ഉയരുന്ന ഇന്ധന ഡ്യൂട്ടി, പാര്‍ക്കിംഗ് സര്‍ച്ചാര്‍ജുകള്‍, മലിനീകരണത്തിന് അടക്കേണ്ടി വരുന്ന പിഴകള്‍, ചില റോഡുകളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നത് മുതലായ പ്രതിസന്ധികളും ഡീസല്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ നേരിടുന്നു. എന്നാല്‍ യൂഡ്സ് പെട്രോള്‍ കാറുകളുടെ വിലയില്‍ 5 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് motorway.co.uk എന്ന വെബ്സൈറ്റ് നടത്തിയ അവലോകനത്തില്‍ വ്യക്തമായി.

വോക്സ്ഹോള്‍ കോര്‍സയാണ് ഏറ്റവും കനത്ത തിരിച്ചടി കിട്ടിയ മോഡല്‍. 26.3 ശതമാനമാണ് ഇവയുടെ വിലയില്‍ ഇടിവുണ്ടായത്. ആസ്ട്രയ്ക്ക് 17.7 ശതമാനവും ഓഡി എ3ക്ക് 11.3 ശതമാനവും വിലയിടിവുണ്ടായി. ഡീസല്‍ മോഡലുകളില്‍ ഉണ്ടായ ശരാശരി വിലയിടിവിന്റെ നിരക്ക് 5.7 ശതമാനമാണ്. 4581 പൗണ്ടില്‍ നിന്ന് 4318 പൗണ്ടായാണ് വില കുറഞ്ഞത്. ഫോക്സ് വാഗണ്‍ പോളോയ്ക്ക് മാത്രമാണ് ഈ ഇടിവില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. പോളോയുടെ വില 1.5 ശതമാനം വര്‍ദ്ധിച്ചു. 2518 പൗണ്ടില്‍ നിന്ന് 2556 പൗണ്ടായാണ് ഈ മോഡലിന്റെ വില ഉയര്‍ന്നത്.

സ്‌ക്രാപ്പേജ് സ്‌കീമുകളില്‍ ഡീസല്‍ കാര്‍ ഉടമകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് പഴയ ഡീസല്‍ കാറുകള്‍ എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് പുതിയ കാറുകള്‍ വാങ്ങാന്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഡിസല്‍ കാറുകളുടെ വില 15 ശതമാനമെങ്കിലും കുറയുമെന്നാണ് കരുതുന്നത്.