തിരുവനന്തപുരം: കേരളമാകെ ബാധകമായ ഏകീകൃത ക്രിസ്ത്യൻ വിവാഹ രജിസ്‌ട്രേഷൻ നിയമത്തിന് നിയമപരിഷ്കരണ കമ്മിഷൻ കരട് തയ്യാറാക്കി. സർക്കാർ ആവശ്യപ്പെട്ടപ്രകാരം ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതിയാണ് ‘കേരള ക്രിസ്ത്യൻ മാര്യേജ് രജിസ്‌ട്രേഷൻ ബില്ലി’ന്റെ കരട് സമർപ്പിച്ചത്. ക്രിസ്ത്യൻ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ കേരളത്തിൽ ഏകീകൃത നിയമമില്ലാത്തും രജിസ്‌ട്രേഷന് പ്രത്യേക സംവിധാനമില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.1095-ലെ ക്രിസ്ത്യൻ സിവിൽ വിവാഹനിയമം പഴയ കൊച്ചി സംസ്ഥാനത്തും 1872-ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമം മലബാർ പ്രദേശത്തും മാത്രം ബാധകമായവയാണ്. പഴയ തിരുവിതാംകൂർ മേഖലയ്ക്ക് നിയമം നിലവിലില്ല. അതേസമയം, 1955-ലെ ഹിന്ദു വിവാഹനിയമം അനുസരിച്ച് ഹിന്ദു വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അതോറിറ്റിയുണ്ട്. 1954-ലെ സ്പെഷ്യൽ വിവാഹനിയമം അനുസരിച്ചും രജിസ്‌ട്രേഷൻ അതോറിറ്റിയുണ്ട്.

നിയമപരമായ ഒരു അതോറിറ്റി നൽകുന്ന സാധുവായ വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്തത് വിദേശങ്ങളിൽ കുടിയേറുകയും തൊഴിൽതേടുകയും ചെയ്യുമ്പോൾ തടസ്സമാകുന്നു. ക്രിസ്ത്യൻ വിവാഹങ്ങൾ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത് 2008-ലെ വിവാഹ രജിസ്‌ട്രേഷനുള്ള പൊതു ചട്ടങ്ങൾ അനുസരിച്ചാണ്. ഇതിന് നിയമത്തിന്റെ അടിസ്ഥാനമില്ല. സർക്കാരിന്റെ നയപരമായ തീരുമാനം അനുസരിച്ചുള്ളതാണ്. നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത സർട്ടിഫിക്കറ്റ് പല വിദേശരാജ്യങ്ങളും നിരസിക്കുന്നുണ്ട്. കരട് ബില്ലിലെ വ്യവസ്ഥകൾ പ്രകാരം, വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ അതത് പ്രദേശത്തെ വിവാഹ ഓഫീസർക്ക് സത്യപ്രസ്താവനകൾ ഉൾപ്പെടെ നോട്ടീസ് നൽകണം. വിവാഹ ഓഫീസർ ക്രിസ്ത്യൻ സഭകൾ നിശ്ചയിക്കുന്നവരായിരിക്കും. അതായത്, വികാരിമാരുടെ കാർമികത്വത്തിലായിരിക്കും വിവാഹം. നോട്ടീസ് വിവാഹ ഓഫീസർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. എതിർപ്പുള്ളവർ ഏഴുദിവസത്തിനകം അറിയിക്കണം. പരാതികൾ ഉയർന്നാൽ ഏഴുദിവസത്തിനകം അന്വേഷിക്കണം. മതിയായ കാരണമുണ്ടെങ്കിൽ കൂടുതൽ സമയമെടുക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരാതി ശരിയെങ്കിൽ വിവാഹം നടത്തിക്കൊടുക്കരുത്. ഇക്കാര്യത്തിൽ വിവാഹ ഓഫീസറുടെ തീരുമാനം അന്തിമമായിരിക്കും. ഇരുകൂട്ടരും ആവശ്യപ്പെടുന്ന വിധം സൗകര്യപ്രദമായ സ്ഥലത്തും സമയത്തും വിവാഹ ഓഫീസർ വിവാഹം നടത്തിക്കൊടുക്കണം. മറ്റൊരു വിവാഹ ഓഫീസറുടെ കീഴിലാണ് വിവാഹത്തിന് സൗകര്യമെങ്കിൽ അപേക്ഷ അങ്ങോട്ടുമാറ്റാം. ഈ നിയമപ്രകാരം നടത്തുന്ന എല്ലാ വിവാഹങ്ങളും നിർബന്ധമായി രജിസ്റ്റർ ചെയ്തിരിക്കണം. തദ്ദേശഭരണ സെക്രട്ടറിയാണ് വിവാഹ രജിസ്ട്രാർ. തദ്ദേശഭരണ സെക്രട്ടറി ക്രിസ്ത്യൻ വിവാഹങ്ങൾക്കു മാത്രമായി പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കും. രജിസ്‌ട്രേഷന്, വിവാഹ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനകം രജിസ്ട്രാർക്ക് അപേക്ഷിക്കണം.

വിവാഹ രജിസ്റ്ററിൽ വധുവും വരനും രണ്ടു സാക്ഷികളും ഒപ്പിടണം. അപേക്ഷിക്കാൻ വൈകിയാൽ മതിയായ കാരണം കാണിക്കണം. അധികാരപ്പെടുത്താത്തവർ ഈ നിയമപ്രക്രാരമുള്ള വിവാഹം നടത്തിക്കൊടുക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയാൽ മൂന്നുവർഷംവരെ തടവും പതിനായിരം രൂപയുമാണ് ശിക്ഷയായി നിർദേശിച്ചിട്ടുള്ളത്.