ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടൻ ഊർജ പ്രതിസന്ധിയുടെ വക്കിലെത്തി നിൽക്കുകയാണ്. എനർജി ബില്ലുകൾ കുത്തനെ ഉയരുന്ന സാഹചര്യവും ഉടലെടുത്തിരിക്കുന്നു. പാചകവാതക വിലയും വൈദ്യുതി വിലയും ഉയരുന്നത് ഉപഭോക്താക്കളെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഗ്യാസിന്റെ വില ഉയരുന്നതിനനുസരിച്ച് വിപണിയിലെ വിതരണക്കാരുടെ എണ്ണം കുറയുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പല കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽക്കുകയാണ്. ഉത്പാദനക്കുറവും ആവശ്യകത വർദ്ധിക്കുന്നതുമാണ് ഗ്യാസ് വില ഉയരാനുള്ള കാരണം. ലോക്ക്ഡൗണിൽ ഗ്യാസ് വില കുറഞ്ഞെങ്കിലും അതിന്റെ ഇരട്ടി വേഗത്തിലാണ് ഇപ്പോൾ വില ഉയരുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിന് (എൽഎൻജി) ഉയർന്ന ആവശ്യകത ഉണ്ട്. ഒപ്പം റഷ്യയിൽ നിന്നുള്ള വിതരണം പ്രവചിച്ചതിലും മന്ദഗതിയിലായതിനാൽ പ്രതിസന്ധി രൂക്ഷമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനുവരി മുതൽ ഗ്യാസിന്റെ മൊത്തവ്യാപാര വില 250 ശതമാനം ഉയർന്നുവെന്ന് ഓയിൽ ആൻഡ് ഗ്യാസ് യുകെ വ്യക്തമാക്കി. 220 ലക്ഷത്തിലധികം കുടുംബങ്ങൾ ഗ്യാസ് വിതരണശൃംഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഉയർന്ന ഗ്യാസ് വിലകൾ ഈ വർഷം വൈദ്യുതി വിലയിൽ വർദ്ധനവിന് കാരണമായി. ഏതുവിധേനയും നിലനിൽക്കുന്നതിനായി വിതരണക്കാർ ശ്രമിക്കുമ്പോൾ ഉപഭോക്താക്കൾ കൂടുതൽ പണം നൽകേണ്ടി വരും. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ അഞ്ചു വിതരണക്കാരാണ് വ്യവസായം അവസാനിപ്പിച്ചത്. എന്നാൽ നിങ്ങളുടെ ഗ്യാസ് വിതരണക്കാർ വിതരണം അവസാനിപ്പിച്ചെങ്കിൽ പേടിക്കേണ്ടതില്ല. ഓഫ് ജെം നിങ്ങളെ മറ്റൊരു വിതരണക്കാരിൽ എത്തിക്കും. പഴയ വിതരണക്കാരിൽ നിന്നുള്ള ബിൽ, മീറ്ററിന്റെ ചിത്രം എന്നിവ സഹിതം ഓഫ് ജെമിനെ സമീപിക്കുക. എന്നാൽ ഇവിടെ പുതിയ കരാറാണ് അവർ മുമ്പോട്ടു വയ്ക്കുക.

ഊർജ വിലയിലുള്ള നിലവിലെ സാഹചര്യം ഉപഭോക്താക്കളിലും കമ്പനികളിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ഇതൊരു ആഗോള പ്രശ്നമാണെന്നും ഓഫ് ജെം വ്യക്തമാക്കി. ഗ്യാസ് വിലവർധനയുടെ വ്യാപകമായ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാൻ ഓഫ്‌ജെം സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വിലക്കയറ്റം തുടരുന്നതിനാൽ പ്രതിസന്ധി പരിഹരിക്കപ്പെടാൻ കുറച്ച് മാസങ്ങൾ എടുത്തേക്കും. പക്ഷേ ആ സമയത്ത്, വിപണിയിൽ വിതരണക്കാർ വളരെ കുറവായിരിക്കാം. ഇത് ഉപഭോക്താക്കളെയും രൂക്ഷമായി ബാധിക്കും. പ്രീ-പേയ്മെന്റ് മീറ്ററിലുള്ള ഉപഭോക്താക്കൾക്ക് ഒക്ടോബർ 1 ന് 153 പൗണ്ട് ഉയർന്ന് ആകെ 1,309 പൗണ്ടിലെത്തും.