ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തുടർച്ചയായ ഏഴാം ദിവസവും ബ്രിട്ടനിൽ കഠിനമായ ഉഷ്ണ തരംഗം തുടരുകയാണ്. 30 ഡിഗ്രി സെൽഷ്യസിന് മേലെ താപനില തുടരുന്നതിനാൽ, പലയിടങ്ങളിലും ജനങ്ങൾ ബീച്ചുകളിലേക്ക് ഒഴുകുകയാണ്. എന്നാൽ കിഴക്കൻ ഇംഗ്ലണ്ടിലും തെക്ക്- കിഴക്കൻ ഇംഗ്ലണ്ടിലും ഇത്തരത്തിൽ കഠിനമായ ചൂട് അനുഭവപ്പെടുമ്പോൾ, വടക്കൻ ഇംഗ്ലണ്ടിലും മറ്റും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകളാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്. ലണ്ടനിലെ ക്യു ബ്രിഡ്ജിൽ ശനിയാഴ്ച 33.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.
കേംബ്രിഡ്ജ്, റോച്ചസ്റ്റർ, കാന്റർബറി തുടങ്ങിയ ഇംഗ്ലണ്ടിന്റെ കിഴക്ക്, തെക്ക് കിഴക്ക് ഭാഗങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ താപനില 31 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടൊപ്പം തന്നെ ലണ്ടനിലെ ഹീത്രു എയർപോർട്ടിന് സമീപത്തും കൊച്ചിയോട് 30 ഡിഗ്രി സെൽഷ്യസിന് മേലെ താപനില ഉയർന്നു. കെന്റ് തീരത്തെ കടൽത്തീരങ്ങളായ മാർഗറ്റ്, ബ്രോഡ്‌സ്റ്റെയർ, ഡീൽ എന്നിവിടങ്ങളിലേക്ക് സൺബാത്തിങ് നടത്തുവാനായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
മുൻപുണ്ടാകാത്ത തരത്തിൽ അത്ഭുതപൂർവ്വമായ മാറ്റങ്ങളാണ് കാലാവസ്ഥയിൽ രേഖപ്പെടുത്തുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ടോം മോർഗൻ വ്യക്തമാക്കി.
സെപ്റ്റംബറിലെ ഉഷ്ണ തരംഗം ഒരിക്കലും ഇത്രയും ദിവസം നീണ്ടു നിന്നതായി കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും ചൂട് നിലനിൽക്കുമ്പോഴും വടക്കൻ പ്രദേശങ്ങളിൽ അപ്രതീക്ഷിതമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. വടക്കൻ ഇംഗ്ലണ്ടിലും വടക്കൻ അയർലണ്ടിലും സ്കോട്ട് ഭൂരിഭാഗം പ്രദേശങ്ങളിലും യെല്ലോ അലെർട്ട് കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply