കോഴിക്കോട്∙ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ തന്റെ സ്കൂളിൽ നിന്ന് ഒരാൾ തോറ്റുവെന്നും അവനെ മാത്രമേ താൻ വിളിച്ച് അന്വേഷിച്ചുള്ളൂവെന്നും ഹെഡ്മാസ്റ്ററായ വി.പി. പ്രഭാകരൻ. വടകര മടപ്പള്ളി ജിവിഎച്ച്എസിലെ പ്രധാന അധ്യാപകനാണ് പ്രഭാകരൻ മാസ്റ്റർ. വിജയിച്ച 434 പേരെയും വിളിച്ചില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. കുറിപ്പിങ്ങനെ–

‘തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തിൽ. ഞാൻ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരിൽ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളിൽ ഒരാളാണു ഞാനും. ഇപ്രാവശ്യം ആരും തോല്‍ക്കുമെന്നു കരുതിയിരുന്നില്ല. തോൽക്കുമെന്നു കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതിൽ അക്ഷരം ശരിക്കെഴുതാൻ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതൽ, സ്നേഹം പൂർണമായും അവർക്കു തിരിച്ചറിയാൻ കഴിഞ്ഞു. പരാജയഭീതിയിൽ വെളിച്ചമറ്റ കണ്ണുകളിൽ കണ്ട തിളക്കം, ലൈബ്രറി മുറിയിൽ പോകുമ്പോഴൊക്കെ ഞാൻ തിരിച്ചറിഞ്ഞു. എന്തൊരു സ്നേഹത്തോടെയാണ് ടീച്ചർമാർ അവരോടു പെരുമാറിയിരുന്നത്. ഒരുപക്ഷേ ആ കുട്ടികൾ ജീവിതത്തിൽ ഈ സ്നേഹം മുൻപ് അനുഭവിച്ചിട്ടുണ്ടാവില്ല. ഇത്ര സ്നേഹവും കരുതലും നല്‍കാൻ ടീച്ചർക്ക് ഇതിനു മുൻപ് ഒരവസരം ലഭിച്ചിട്ടുമുണ്ടാവില്ല.

പരീക്ഷാ ദിനങ്ങളിൽ ഇവർ ഇരിക്കുന്ന ക്ലാസ് മുറികളിൽ പോകുമ്പോൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞ നന്ദി സൂചകമായ നനവിന്റെ തിളക്കം. അവരുടെ അടുത്ത് പോയി തോളിൽ തട്ടി പ്രശ്നമൊന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോൾ നോക്കിയ നോട്ടത്തിലെ സ്നേഹം. എനിക്ക് ഇപ്പോൾ തോന്നുകയാണ് തോറ്റുപോയ ആ മോനും ഒരു പക്ഷേ എന്നെ നോക്കിയിട്ടുണ്ടാവാം. ഞാനത് കണ്ടില്ലല്ലോ? നമ്മുടെ നോട്ടത്തിൽനിന്ന് കരുതലിൽനിന്ന് സ്നേഹത്തിൽനിന്ന് വിട്ടു പോയ ഒരു കുട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നു വിളിച്ചപ്പോൾ പറഞ്ഞു: സാർ ഞാൻ ജയിക്കുമെന്ന് തന്നെയാണു കരുതിയത്. വീട്ടിൽ ഉമ്മയില്ലേ എന്ന് ചോദിച്ചപ്പോൾ അവർ അടുത്ത വീട്ടിലാണെന്ന് പറഞ്ഞു. കുറച്ച്കഴിഞ്ഞപ്പോൾ ഉമ്മ തിരിച്ചുവിളിച്ചു– എന്റെ മോൻ മാത്രം തോറ്റു പോയി. പരീക്ഷ കഴിഞ്ഞപ്പോൾ അവൻ ജയിക്കുമെന്നാണ് എന്നോട് പറഞ്ഞത്. ജയവും തോൽവിക്കുമിടയിൽ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിന്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മൾ കൂടിയാണല്ലോ.

റീവാല്വേഷനിൽ അവൻ ജയിക്കുമായിരിക്കും. അല്ലെങ്കിൽ സേ പരീക്ഷയിൽ. നൂറ് ശതമാനം ലഭിക്കുമ്പോഴാണ് എല്ലാ വിജയങ്ങളും ആഘോഷമാവുന്നത്. പക്ഷേ, പരീക്ഷകളിൽ പരാജയപ്പെട്ട എത്രയോ പേർ പിന്നീട് ജീവിതത്തിൽ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് എന്നും നമുക്കറിയാം. ഞാൻ അവനോട് പറഞ്ഞു, സാരമില്ല, നീ നാളെ സ്ക്കൂളിൽ വാ. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: വരാം സാർ. ഫോണിനപ്പുറത്ത് അവന്റെ മുഖം എനിക്കു ശരിക്കും കാണാമായിരുന്നു.