ഫർലോ സ്‌കീം സെപ്റ്റംബർ അവസാനം വരെ നീട്ടി. ആദായനികുതി പരിധി മരവിപ്പിച്ചു. സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള പിന്തുണയും ഉറപ്പാക്കി. രാജ്യത്തെ താങ്ങാനുള്ള നിർണായക ബജറ്റുമായി ചാൻസലർ റിഷി സുനക്

ഫർലോ സ്‌കീം സെപ്റ്റംബർ അവസാനം വരെ നീട്ടി. ആദായനികുതി പരിധി മരവിപ്പിച്ചു. സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള പിന്തുണയും ഉറപ്പാക്കി. രാജ്യത്തെ താങ്ങാനുള്ള നിർണായക ബജറ്റുമായി ചാൻസലർ റിഷി സുനക്
March 03 15:15 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് ഏൽപ്പിച്ച സാമ്പത്തിക ആഘാതത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനുള്ള വഴി തുറന്ന് ചാൻസലർ റിഷി സുനക്കിന്റെ നിർണായക ബജറ്റ്. ഫർ‌ലോ സ്കീം സെപ്റ്റംബർ അവസാനം വരെ നീട്ടുമെന്ന് സുനക് അറിയിച്ചു. ഈ പദ്ധതി ദശലക്ഷക്കണക്കിന് ആളുകളെ “വെല്ലുവിളി നിറഞ്ഞ മാസങ്ങളിലൂടെ കടന്നുപോകാൻ” സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫർലോ ചെയ്യപ്പെട്ട ജീവനക്കാർക്ക് ശമ്പളത്തിന്റെ 80 ശതമാനം വരെ സർക്കാർ നൽകും. ജൂലൈ മാസം മുതൽ സർക്കാർ 70 ശതമാനം നൽകുമ്പോൾ തൊഴിലുടമകൾ 10 ശതമാനം കൂടി നൽകേണ്ടി വരും. ഓഗസ്റ്റിൽ ഇത് 20 ശതമാനമായി വർധിപ്പിക്കും. അപ്പോൾ സർക്കാർ വിഹിതം 60 ശതമാനം ആവും. “ഞങ്ങളുടെ കോവിഡ് പിന്തുണാ പദ്ധതികൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതമാർഗമാണ്, യുകെയിലുടനീളമുള്ള ജോലികളും വരുമാനവും സംരക്ഷിക്കപ്പെടുന്നുണ്ട്. ” ബജറ്റിന് മുന്നോടിയായി ചാൻസലർ പറഞ്ഞു. ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒബിആർ) പ്രവചന പ്രകാരം 2022 മധ്യത്തോടെ സമ്പദ്‌വ്യവസ്ഥ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരുമെന്നാണ്. തൊഴിലില്ലായ്മ ഇപ്പോൾ 6.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും ആശങ്കയില്ല. 2020 ജൂലൈയിൽ ഇത് 11.9 ശതമാനം ആയിരുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള പിന്തുണയും സെപ്റ്റംബർ വരെ തുടരുമെന്ന് സുനക് അറിയിച്ചു. തൊഴിലുടമകൾക്കുള്ള അപ്രന്റിസ് ഗ്രാന്റ് 3000 പൗണ്ട് ആക്കി ഉയർത്തി. 2026 വരെ ആദായനികുതി പരിധി മരവിപ്പിക്കുകയാണെന്നും 2023 മുതൽ കോർപ്പറേഷൻ നികുതി വർധിപ്പിക്കുകയാണെന്നും സുനക് പ്രഖ്യാപിച്ചു. യൂണിവേഴ്സൽ ക്രെഡിറ്റിൽ 20 പൗണ്ട് ടോപ് അപ് ആറുമാസത്തേക്ക് കൂടി നിലനിൽക്കും.

 

ഹോസ്പിറ്റാലിറ്റി – ടൂറിസം മേഖലകൾക്കുള്ള വാറ്റ് ഇളവിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. വർഷങ്ങളായി രാജ്യത്തിന്റെ ഗതി നിശ്ചയിക്കുന്ന നിർണായക ബജറ്റിൽ ഇത്തവണ 407 ബില്യൺ പൗണ്ടിന്റെ പൊതുചെലവാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. ബിസിനസുകൾക്കുള്ള ‘റീസ്റ്റാർട്ട്‌ ഗ്രാന്റുകൾ’ക്കായി 5 ബില്ല്യൺ ഫണ്ട്, 25,000 മുതൽ 10 മില്യൺ പൗണ്ട് വരെയുള്ള ബിസിനസുകൾക്കായി പുതിയ റിക്കവറി ലോൺ സ്‌കീം എന്നിവയും ചില്ലറ വ്യാപാരികൾക്ക് ഏപ്രിൽ മുതൽ ഒരു സൈറ്റിന് 6,000 പൗണ്ട് വരെയും ലഭിക്കും. 500,000 പൗണ്ട് വരെ വിലയുള്ള വീടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി അവധി ജൂൺ വരെ നീട്ടി. പിന്നീട് ഘട്ടംഘട്ടമായി തുടരും. ഭവന വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി 5 ശതമാനം നിക്ഷേപമുള്ളവർക്കുള്ള മോർട്ട്ഗേജ് ഗ്യാരണ്ടി സ്കീമും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദായനികുതിയോ വാറ്റോ ദേശീയ ഇൻഷുറൻസോ ഉയരുന്നില്ല. മദ്യ ഡ്യൂട്ടിയും ഇന്ധന തീരുവയും മരവിപ്പിച്ചു.

 

അടുത്ത പ്രതിസന്ധി വരുമ്പോൾ നമുക്ക് വീണ്ടും പ്രവർത്തിക്കാൻ കഴിയണമെന്ന ആഹ്വാനമാണ് ചാൻസലർ മുന്നോട്ട് വച്ചത്. കോൺടാക്റ്റ്ലെസ് പേയ്മെന്റ് പരിധി 45 പൗണ്ടിൽ നിന്ന് 100 പൗണ്ട് ആയി ഉയർത്തുന്നതിലൂടെ ആളുകളെ ഷോപ്പിംഗിലേക്ക് തിരികെ കൊണ്ടുവരുവാനാണ് പദ്ധതിയിടുന്നത്. കോർപ്പറേഷൻ നികുതി 2023 ൽ 19 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തും. പ്രധാനമന്ത്രി ബോറിസ് ജോൺസൻ മുന്നോട്ട് വച്ച ലോക്ക്ഡൗൺ നടപടികളുടെ ലഘൂകരണത്തിന് ഈ ബജറ്റ് സഹായകമായേക്കും. പ്രതിസന്ധിയിൽ കഴിയുന്ന ജനതയ്ക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചാൻസലർ ഇത്തവണയും ബജറ്റ് അവതരിപ്പിക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles