ബ്രിട്ടിഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ ലാൻഡ് ചെയ്തു. ലോക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ യുകെ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനാണു ബ്രിട്ടിഷ് സർക്കാരിന്റെ പ്രത്യേക നിർദേശത്തിൽ വിമാനമെത്തിയത്. വൈകിട്ട് 5.25ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ വിമാനം ഏഴരയോടെ 110 യാത്രക്കാരുമായി കൊച്ചിയിലെത്തി. തുടർന്ന് ഇവിടെനിന്ന് 158 പേരേയും കൂട്ടി ആകെ 268 യാത്രക്കാരുമായാണ് വിമാനം യുകെയിലേക്കു പുറപ്പെട്ടത്. ബഹ്റൈൻ വഴിയാണ് മടക്കം.

കേരളത്തിലും തമിഴ്നാട്ടിലും ചികിൽസയ്ക്കായും വിനോദസഞ്ചാരത്തിനായും എത്തിയവരാണു യാത്രക്കാരെല്ലാവരും. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം നിശ്ചിത ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് ഇവർ മടങ്ങാനായി വിമാനത്താവളത്തിലെത്തിയത്. ബ്രിട്ടിഷ് വിമാനത്തിൽ പോയവരിൽ 7 പേർ കോവിഡ് രോഗമുക്തി നേടിയ ശേഷം നിശ്ചിത ദിവസങ്ങൾ നിരീക്ഷണത്തിലും കഴിഞ്ഞവരാണ്. ബ്രിട്ടിഷ് സംഘത്തിൽ, നേരത്തെ മൂന്നാറിലെ റിസോർട്ടിൽ നിന്ന് മുങ്ങി വിമാനത്താവളത്തിൽ പിടിയിലായ ബ്രിയാൻ നെയിലും ഭാര്യയും ഉൾപ്പെടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിൽ കുടുങ്ങിയ ബ്രിട്ടിഷ് പൗരൻമാരിൽ തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ നേരത്തേ സർക്കാർ ശേഖരിച്ചിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക വാഹനങ്ങളിൽ വിമാനത്താവളങ്ങളിലേക്കു എത്തിക്കുകയായിരുന്നു. സ്വദേശത്തേക്കു മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ഏതെങ്കിലും യുകെ പൗരൻമാർ സംസ്ഥാനത്ത് ഉള്ളതായി അറിവില്ലെന്നു ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ രാജ്കുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.

കേരളത്തിലേക്കു ബ്രിട്ടിഷ് എയർവെയ്സിന് നിലവിൽ സർവീസുകളില്ല. യൂറോപ്യൻ സെക്ടറിലേക്കു വിമാന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. കേരളത്തിൽ നിന്ന് യൂറോപ്യൻ സെഗ്‍മെന്റിലേക്കു നേരിട്ട് സർവീസ് നടത്തുമ്പോൾ ശരാശരി 10 മണിക്കൂറെങ്കിലും പറക്കേണ്ടതുണ്ട്. ഇതുപോലെയുള്ള ലോങ് ട്രിപ്പുകളിൽ പൈലറ്റ് മാറ്റം ഉൾപ്പടെയുള്ള കാര്യങ്ങളിലെ സാങ്കേതിക തടസം നിലനിൽക്കുന്നതിനാലാണ് ഇത്തരം സർവീസ് നടത്തുന്നതിന് വിമാനക്കമ്പനികൾ മുന്നോട്ടു വരാത്തത്. രാജ്യാന്തര സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് കേരളത്തിൽ ഓപ്പറേറ്റിങ് ഹബ് ഉള്ള സാഹചര്യത്തിൽ മാത്രമേ ഇത്തരത്തിലുള്ള സാങ്കേതിക തടസങ്ങൾ മറികടക്കാനാവൂ.