മലയാളം ന്യൂസ് സ്പെഷ്യൽ: ജോജി തോമസ്
പരമ്പരാഗതമായി ഇന്ത്യൻ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾക്ക് പാകിസ്ഥാനെ മുഖ്യശത്രുവായി കാണാനായിരുന്നു താല്പര്യം. ദേശീയത ഉയർത്താനും, രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനും നല്ലത് പാകിസ്ഥാനെ മുഖ്യ ശത്രുപക്ഷത്ത് നിർത്തുക എന്ന തിരിച്ചറിവാണ് ഇതിനു പ്രധാന കാരണം. എന്നാൽ പൊള്ളയായ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപരിയായി ശത്രു രാജ്യത്തെ യാഥാർത്ഥ ബോധത്തോടെ തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്ന പ്രതിരോധമന്ത്രിമാരായിരുന്നു ജോർജ് ഫെർണാണ്ടസും, എ കെ ആൻറണിയും. ഇതിൽതന്നെ എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന നാളുകളിൽ ഇന്ത്യയുടെ പ്രധാന ഭീഷണി ചൈനയിൽ നിന്നാണന്ന തിരിച്ചറിവിൽ നിരവധി നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 17 മൗണ്ടൻ സ്ട്രൈക്ക് കോറിന്റെ രൂപീകരണം. എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് അതിർത്തിയിലേയ്ക്ക് സേനയേയും, യുദ്ധസാമഗ്രികളും അതിവേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇപ്പോൾ ചൈനയുടെ ഉറക്കം കെടുത്തുന്നതും, യുദ്ധസമാന സാഹചര്യങ്ങളിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചതും .
രണ്ടാം യുപിഎ സർക്കാരിൻറെ കാലത്ത് മൗണ്ടൻ സ്ട്രൈക് കോറിനു രൂപം നൽകാൻ തീരുമാനം എടുത്തപ്പോൾ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വലിയ തോതിലുള്ള എതിർപ്പാണ് ഉണ്ടായത്. 45,000 പേർ വീതമുള്ള രണ്ട് ഡിവിഷനുകൾ രൂപീകരിക്കാനുള്ള വൻസാമ്പത്തിക ബാധ്യതയാണ് രാജ്യത്തിനകത്തു നിന്നുള്ള എതിർപ്പിന് കാരണമായത്. 60,000 കോടി രൂപയാണ് മൗണ്ടൻ സ്‌ട്രൈക് കോറിന്റെ രൂപീകരണത്തിനായത് . മൗണ്ടൻ സ്‌ട്രൈക് കോർ ഭീഷണിയാകുമെന്ന തിരിച്ചറിവിൽ ചൈന രൂപീകരണ കാലത്തു തന്നെ പരസ്യമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ചൈനയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ബംഗാളിലെ പാണാഗസ് , പഞ്ചാബിലേ പഠാൻകോട്ട് എന്നിവിടങ്ങൾ ആസ്ഥാനമാക്കി സ്ട്രൈക് കോർ രൂപീകരിച്ചത്. മൗണ്ടൻ സ്ട്രൈക് കോറിലേ 15,000 ത്തോളം സേനാംഗങ്ങൾ ലഡാക്ക് കേന്ദ്രമായി നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്തായാലും ചൈനയുമായുള്ള അഭിപ്രായഭിന്നതകൾ യൂദ്ധ സമാന സാഹചര്യത്തിലേയ്ക്ക് നീങ്ങുമ്പോൾ എ.കെ ആന്റണിയുടെ ദീർഘവീക്ഷണം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുകയാണ്. സേനയിൽ ഒരു റാങ്കിന് ഒരു പെൻഷൻ തുടങ്ങി നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് എ. കെ ആൻറണിയാണ്. കളങ്കമില്ലാത്ത പ്രതിച്‌ഛായ ഒരു പരിധിവരെ പ്രതിരോധ മന്ത്രിയായിരിക്കെ സുഗമമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി.
Leave a Reply