ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്നലെ കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതിക ശരീരം നാളെ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. അദ്ധ്യാത്‌മിക വിശുദ്ധിയുടെയും ദൈവശാസ്ത്രത്തിന്റെയും വിളനിലമായിരുന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പ കത്തോലിക്കാ സഭയുടെ 265-ാം മാർപാപ്പയായിരുന്നു. 2005 ഏപ്രിൽ 19 -നാണ് ജർമ്മൻകാരനായ കർദ്ധിനാൾ ജോസഫ് റാറ്റ്സിങ്ങർ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായത് .
കേരള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഏറ്റവും താങ്ങായി നിന്ന ആളാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ. ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പ്രഖ്യാപിച്ചത് ബനഡിക്ട് പാപ്പയാണ്. മേജർ ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ആലഞ്ചേരിയേയും മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയേയും കർദിനാൾ പദവി നൽകിയത് ബനഡിക്ട് പാപ്പയുടെ കാലഘട്ടത്തിലാണ്. കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസോലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ കേരള കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് പാപ്പയുടെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും.
എല്ലാ ലോക രാഷ്ട്രങ്ങളുമായി സൗമ്യമായ ബന്ധം സഭയ്ക്കും വത്തിക്കാനും ഉണ്ടാക്കിയെടുക്കുന്നതിൽ പാപ്പ വഹിച്ച പങ്ക് നിസ്തുലമാണ്. ക്യൂബയടക്കമുള്ള രാജ്യങ്ങളിൽ തൻറെ അനാരോഗ്യം വകവയ്ക്കാതെ നടത്തിയ സന്ദർശനം വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 600 വർഷത്തിനിടെ സ്ഥാന ത്യാഗം ചെയ്ത ആദ്യ മാർപാപ്പയായ ബനഡിക്ട് പതിനാറാമൻ എപ്പോഴും കർമ്മനിരതനായിരുന്നു. സഭയിൽ ഒട്ടേറെ പുരോഗമന നടപടികൾക്ക് തുടക്കമിട്ട പാപ്പ 65 ദൈവശാസ്ത്ര ഗ്രന്ഥങ്ങളാണ് രചിച്ചത്.
ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് മലയാളം യുകെ ന്യൂസിന്റെ ഹൃദയാഞ്ജലി
Leave a Reply