കോട്ടയം: റഷ്യയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ(20)യാണ് മരിച്ചത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ഥിയായ കൃഷ്ണപ്രിയ ആറുദിവസം മുമ്പാണ് നാട്ടിലെത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് കൃഷ്ണപ്രിയയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യത്തിന് വേണ്ടി കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ മറ്റു ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ വീട്ടുകാരോട് കൃഷ്ണപ്രിയ ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ വൈകിട്ട് കുട്ടിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വീട്ടുകാര്‍ ജനല്‍ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി. സ്രവസാമ്പിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇവര്‍ക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല.സ്രവ സാമ്പിളിന്റെ പരിശോധനാഫലങ്ങള്‍ വന്നശേഷം മറ്റുനടപടികള്‍ പൂര്‍ത്തിയാക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞതിന്റെ മാനസിക സമ്മര്‍ദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പടെയുളള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)