മുംബൈ: ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ കോടിപതിയായി അമിതാഭ് ബച്ചനും. അമിതാഭിനും മകന്‍ അഭിഷേകിനും കോടികളുടെ ബിറ്റ്‌കോയിന്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന് രണ്ടര വര്‍ഷം മുന്‍പ് 1.6 കോടി മൂല്യമുള്ള ബിറ്റ് കോയിന്‍ നിക്ഷേപമാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിറ്റ് കോയിന്‍ മൂല്യം അസാധാരണമായി ഉയര്‍ന്നതോടെയാണ് ബച്ചന്റെ നിക്ഷേപം 112 കോടിയായി ഉയര്‍ന്നത്.

പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2015ലാണ് അമിതാഭും അഭിഷേകും സിംഗപ്പൂര്‍ കമ്പനിയായ മെറിഡിയന്‍ ടെക്കില്‍ ബിറ്റ് കോയിന്‍ നിക്ഷേപം നടത്തിയത്. വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോം കമ്പനിയാണിത്. ഈ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച ലോങ് ഫിന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നു. ഇതോടെ ലോജ് ഫിനിന്റെ ഓഹരികള്‍ 2500 ശതമാനം വര്‍ദ്ധിച്ചു.
ഏറ്റെടുക്കലോടെ ബച്ചന്‍ കുടുംബത്തിന് ലോങ് ഫിനില്‍ 25000 ഷെയറുകളാണ് ലഭിച്ചത്. തിങ്കളാഴ്ച മാത്രം ലോങ് ഫിനിന്റെ ഒരു ഷെയറിന് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 70 ഡോളറാണ് മൂല്യമുണ്ടായിരുന്നത്. ഇത്തരത്തില്‍ രണ്ടര വര്‍ഷം കൊണ്ട് ബച്ചന്റെ നിക്ഷേപം ഉയരുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ബിറ്റ് കോയിന്റെ മൂല്യത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. ഒരു ബിറ്റ് കോയിന് 65 ലക്ഷം രൂപ വരെ ആയാലും അത്ഭുതപ്പെടാനില്ലെന്ന് 2008ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച ഹെഡ്ജ്ഫണ്ട് മാനേജര്‍ നാസിം നിക്കോളാസ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.