ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരിക്കെതിരെ പടപൊരുതിയ മലയാളി നേഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാരുടെ ഒരു ശതമാനം ശമ്പള വർദ്ധനവ് മൂന്ന് ശതമാനമാക്കി ഗവൺമെൻറ് തീരുമാനമെടുത്തു. ശമ്പള വർദ്ധനവ് ഏപ്രിൽ 2021 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കും. നേഴ്സുമാർ, ജി.പികൾ, കൺസൾട്ടൻ്റ്സ്, പാരാമെഡിക്സ്, ഡെൻ്റിസ്റ്റ് എന്നീ വിഭാഗങ്ങൾക്ക് ശമ്പളവർദ്ധനവിൻെറ പ്രയോജനം ലഭിക്കും. നേഴ്സുമാർക്ക് 1000 പൗണ്ടും പോർട്ടർമാർ, ക്ളീനർമാർ എന്നിവർക്ക് 540 പൗണ്ടും ശരാശരി വർദ്ധനവ് ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
പൊതുമേഖലയിലെ ശമ്പളവർദ്ധനവ് താൽക്കാലികമായി നിർത്തി വെച്ചിട്ടും എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പള വർദ്ധനവുമായി മുന്നോട്ടു പോകുകയാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മലയാളികളാണ്. നേരത്തെ കൊറോണ വൈറസിനെതിരെ ബ്രിട്ടൻെറ അതിജീവനത്തിൻെറ മുന്നണി പോരാളികളായ നേഴ്സുമാർക്ക് 1 % മാത്രം ശമ്പളവർധനവ് പ്രഖ്യാപിച്ചതിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം അലയടിച്ചിരുന്നു .
2020 ജൂലൈയിൽ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോഴും നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ ആരോഗ്യമേഖലയ്ക്ക് 3% ശമ്പള വർദ്ധനവും അപര്യാപ്‌തമാണെന്നുള്ള അഭിപ്രായമാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന യൂണിയനുകൾക്കുള്ളത്. ആകർഷകമായ ശമ്പളം ഇല്ലാത്തതിനാൽ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ആവശ്യമായ നേഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയും നിയമിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് പറഞ്ഞു. 12.5% ശമ്പള വർദ്ധനവാണ് എൻഎച്ച്എസിലെ വിവിധ നേഴ്‌സിംഗ് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നത്.
Leave a Reply