ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിൽ ജങ്ക് ഫുഡുകൾ നിർമ്മിക്കുന്നതിന് അധികമായി ഉപയോഗിക്കുന്ന പഞ്ചസാരയ്ക്കും, ഉപ്പിനും മേൽ കൂടുതൽ ടാക്സുകൾ ഏർപ്പെടുത്താനുള്ള നീക്കം നടക്കുകയാണ്. ഇത്തരത്തിൽ ടാക്സുകൾ വർദ്ധിപ്പിക്കുന്നത് ബ്രിട്ടണിൽ ഉള്ള കുടുംബങ്ങൾക്ക് ഒരു വർഷം 3.4 ബില്യൺ പൗണ്ടിന്റെ അധിക ചിലവ് ഉണ്ടാക്കും. ഇത്തരത്തിൽ അധികമായി സർക്കാരിന് ലഭിക്കുന്ന പണം ഉപയോഗിച്ച്, എൻ എച്ച് എസിലൂടെ പഴം, പച്ചക്കറികൾ എന്നിവ കഴിക്കുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കും. അനാരോഗ്യപരമായ ഭക്ഷണരീതികൾ ഒഴിവാക്കുക എന്നതാണ് പുതിയ ഭക്ഷ്യ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.


പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭക്ഷ്യ ഉപദേഷ്ടാവായിരിക്കുന്ന ഹെൻറി ഡിംബിൾബൈ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത്തരത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ അനാരോഗ്യകരമായ ഭക്ഷണ രീതികൾ മൂലം 45 വയസ്സ് കഴിയുമ്പോൾ തന്നെ രോഗികൾ ആകുന്നവർ നിരവധിപേരാണ്. ഇത്തരത്തിൽ പഞ്ചസാരയുടെയും, ഉപ്പിന്റെയും മേലുള്ള ടാക്സുകൾ വർദ്ധിപ്പിക്കുന്നത് ഇതിന്റെ ഉപയോഗം കുറയ്ക്കുന്നതിന് കാരണമാകും. ഈ തീരുമാനത്തെ നിരവധി ആരോഗ്യ പ്രവർത്തകരാണ് സ്വാഗതം ചെയ്തിരിക്കുന്നത്.എന്നാൽ ഈ തീരുമാനം ബിസിനസുകാർക്ക് തിരിച്ചടിയാകും എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ടാക്സുകൾ വർദ്ധിപ്പിക്കുന്നത് ഉപഭോക്താക്കളോട് ഈടാക്കുമെന്നും ബിസിനസ് രംഗത്തുള്ളവർ വ്യക്തമാക്കുന്നു.