ലണ്ടന്‍: കിടക്കകളുടെ കുറവ് മൂലം രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാന്‍ കഴിയാതെ വരുന്ന പ്രതിസന്ധിക്ക് പരിഹാരമാര്‍ഗം തേടി എന്‍എച്ച്എസ്. എയര്‍ബിഎന്‍ബി ശൈലിയില്‍ ഇതിന് പരിഹാരം കാണാനാകുമോ എന്നാണ് എന്‍എച്ച്എസ് പരിശോധിക്കുന്നത്. ശസ്ത്രക്രിയകള്‍ക്ക് ശേഷം ആശുപത്രികളില്‍ കഴിയുന്ന രോഗികളെ സമീപത്തുള്ള വീടുകള്‍ വാടകയ്‌ക്കെടുത്ത് താമസിപ്പിക്കാനാണ് ശ്രമം. എസെക്‌സില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. 1000 പൗണ്ട് വരെ വാടകയുള്ള വീടുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

കെയര്‍റൂംസ് എന്ന സ്റ്റാര്‍ട്ടപ്പിനാണ് ഇതിന്റെ ചുമതല. എന്‍എച്ച്എസുമായും കൗണ്‍സിലുകളുമായു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കമ്പനി ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഈ പദ്ധതിയിലൂടെ രോഗികള്‍ക്ക് ആശുപത്രി അന്തരീക്ഷത്തില്‍ നിന്ന് മാറി കുറച്ചുകൂടി വ്യത്യസ്തമായ സാഹചര്യങ്ങളില്‍ കഴിയാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകരും മെഡിക്കല്‍ രംഗത്തെ മുതിര്‍ന്നവരും ഈ നീക്കത്തെ വിമര്‍ശിക്കുകയാണ്. രോഗീ പരിചരണത്തില്‍ പരിചയമില്ലാത്തവരെ കൂടുതല്‍ ഉത്തരവാദിത്തമേല്‍പ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു.

പ്രധാന ചികിത്സകള്‍ക്കു ശേഷം വിശ്രമിക്കുന്നവരെയാണ് ഇത്തരം വീടുകളിലേക്ക് മാറ്റുന്നതെന്നാണ് വിശദീകരണം. പരിചരണത്തിനായി കുടുംബങ്ങളില്ലാത്തവര്‍ക്ക് ഈ പദ്ധതി വളരെ ഉപകാരപ്രദമായിരിക്കുമെന്നും കെയര്‍റൂംസ് പറയുന്നു. ആതിഥേയര്‍ രോഗികള്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണം. അവരുമായി സംസാരിക്കാനും സമയം കണ്ടെത്തണമെന്നുമാണ് നിര്‍ദേശം. ചികിത്സക്കും ശേഷം ആശുപത്രികളില്‍ തുടരുന്ന രോഗികള്‍ മൂലം 8000ത്തോളം പേര്‍ ചികിത്സ കിട്ടാതെ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. തുടര്‍ ചികിത്സകള്‍ക്കായി ആശുപത്രി ബെഡുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാനാണ് ഈ പദ്ധതി. ി