ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്ലിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട കെജ്‌രിവാള്‍ സര്‍ക്കാരിന് പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാരായി മാറി.

സംസ്ഥാന സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ 2021 മാര്‍ച്ച് 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മാര്‍ച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പിവെച്ചു. ഇതിനുപിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്രം ഉത്തരവിറക്കിയത്.

ദേശീയ തലസ്ഥാന മേഖല ആക്ട് 1991 ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിയമം. ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ 2018ല്‍ സുപ്രീം കോടതി ഇടപെട്ടതിന് പിന്നാലെയാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. മൂന്ന് വര്‍ഷത്തിനകം തന്നെ ഡല്‍ഹി സര്‍ക്കാരിനുമേല്‍ ലഫ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള നിയമം പ്രാബല്യത്തിലാക്കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചു.

ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും ഭരണപരമായ തീരുമാനങ്ങള്‍ക്കും ലഫ്. ഗവര്‍ണറുടെ അഭിപ്രായം തേടണം. കോവിഡ് വ്യാപന സാഹചര്യത്തില്‍ ഓക്‌സിജന്‍ വിതരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കെജ്‌രിവാളും കേന്ദ്രസര്‍ക്കാരും തമ്മിള്‍ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹി ബില്‍ പ്രാബല്യത്തില്‍ വന്നതെന്നും ശ്രദ്ധേയമാണ്.